1950ലെ ലോകകപ്പ്. എനിക്കന്ന് ഒന്‍പതോ പത്തോ വയസ്സ് പ്രായം. അച്ഛന്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഫൈനലില്‍ ബ്രസീല്‍ യുറഗ്വായോട് തോറ്റു. അച്ഛന്‍ നിര്‍ത്താതെ കരഞ്ഞു'-പെലെ (പില്‍ക്കാലത്ത് മൂന്ന് ലോകിരീടങ്ങളിലേക്ക് പെലെ ബ്രസീലിനെ നയിച്ചു)

ലോകഫുട്‌ബോളിന്റെ പൂമുഖത്തുവെച്ച നിലവിളക്കാണ് ബ്രസീല്‍. കായികലോകത്തിന്റെ നിറുകയിലെ പ്രകാശഗോപുരം. ഭൂമിയില്‍ ഫുട്‌ബോള്‍ അറിയുന്ന സകലമാനുഷരുടെയും സ്വപ്നസംഘം. 

ബ്രസീലിന് ഇനി എന്താണ് നേടാനുള്ളത്? നേട്ടങ്ങള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമേയുള്ളൂ. ബ്രസീലിന്റെ ഷോക്കേസിലുള്ളതിനേക്കാള്‍ കൂടുതലൊന്നും ലോകത്തെ ഒരു ടീമിന്റെയും കൈവശമില്ല. ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ കായികസംസ്‌കാരമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഉദയം ചെയ്യുന്നതും പരിണാമം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും ആദരവിസ്മയങ്ങളോടെ ലോകം നോക്കിനിന്ന കാലങ്ങള്‍. കാലില്‍ മാന്ത്രികതയുമായി ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു മായാജാലക്കാരന്‍ എക്കാലവും ബ്രസീലിയന്‍ ടീമിനൊപ്പമുണ്ടാകും. പെലെയില്‍ തുടങ്ങുന്ന ആ വിസ്മയം നെയ്മറില്‍ തുടരുന്നു. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ പ്രതിഭാവിലാസം. ലോക ക്ലാസിക്.

1930 മുതല്‍ ബ്രസീല്‍ കളിക്കാത്ത ഒരു ലോകകപ്പുമുണ്ടായിട്ടില്ല. എല്ലാ ലോകകപ്പുകളും കളിച്ച മറ്റൊരു ടീമുമില്ല. ഇത്രയധികം ലോകകപ്പുകള്‍ നേടിയവരാരുമില്ല. അഞ്ച് കിരീടങ്ങള്‍. 104 ലോകകപ്പ് മത്സരങ്ങള്‍. അതില്‍ 70 ജയങ്ങള്‍. 17 തോല്‍വികള്‍. യോഗ്യതാറൗണ്ടില്‍ ഇന്നേവരെ ഒരു പ്ലേ ഓഫ് കളിക്കേണ്ടിവന്നിട്ടില്ല. 

നാല് ഭൂഖണ്ഡങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ കിരീടം നേടിയ ഏകരാജ്യം. യൂറോപ്പിലും (1958 സ്വീഡന്‍) തെക്കേ അമേരിക്കയിലും (1962 ചിലി) വടക്കേ അമേരിക്കയിലും (1970 മെക്‌സിക്കോ, 1994 അമേരിക്ക) ഏഷ്യയിലും (2002 കൊറിയ/ജപ്പാന്‍) അവര്‍ ചാമ്പ്യന്‍മാരായി. മൂന്ന് പ്രധാന ഫിഫ ടൂര്‍ണമെന്റുകളിലും ജേതാക്കള്‍. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലും അവരുടെയത്ര കിരീടങ്ങള്‍ മറ്റാര്‍ക്കുമില്ല. ഇംഗ്ലീഷുകാര്‍ കണ്ടുപിടിക്കുകയും ബ്രസീലുകാര്‍ പൂര്‍ണമാക്കുകയും ചെയ്ത ഫുട്‌ബോള്‍ എന്ന് പഴഞ്ചൊല്ല്.

കഴിഞ്ഞ ലോകകപ്പുവരെ ബ്രസീലിയന്‍ ഫുട്‌ബോളില്‍ ഒരു ദുരന്തമേ സംഭവിച്ചിരുന്നുള്ളൂ. 1950-ലെ ഫൈനലില്‍ മാറക്കാനയില്‍ യുറഗ്വായോടേറ്റ തോല്‍വി. രണ്ടാം ദുരന്തവും സ്വന്തം മണ്ണില്‍ത്തന്നെയായിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ജര്‍മനിയോടേറ്റ 1-7 തോല്‍വി. ഫുട്‌ബോള്‍ ലോകം ഞെട്ടിത്തരിച്ചുപോയി. അസംഭവ്യമായത് സംഭവിച്ചു. 

വലിയ മനുഷ്യര്‍ നേട്ടങ്ങളില്‍ അഭിരമിക്കുമ്പോള്‍, ലോകത്തിന് അത് നിസ്സാരവും സ്വാഭാവികവുമായി അനുഭവപ്പെടും. പക്ഷേ, അവര്‍ വീഴുന്ന സന്ദര്‍ഭങ്ങളിലോ... ആകാശം ഇടിഞ്ഞുവീഴും. അങ്ങനെ ഇടിഞ്ഞുവീണ ഒരു കൂമ്പാരത്തില്‍നിന്നാണ് ബ്രസീല്‍ റഷ്യന്‍ ലോകകപ്പിനെത്തുന്നത്. യോഗ്യതാറൗണ്ടില്‍ ഒരു പിഴവും അവര്‍ വരുത്തിയിട്ടില്ല. പക്ഷേ, ജര്‍മനിയേല്‍പ്പിച്ച മുറിവില്‍നിന്നുള്ള രക്തപ്രവാഹം നിലയ്ക്കുന്നില്ല. ആ മുറിവുണക്കാന്‍ റഷ്യ വേദിയാകുമോ? ബ്രസീലും നെയ്മറും ലോകവും കാത്തിരിക്കുന്നു.

Content Highlights: Brazil Football Team  and World Cup History