ല്ല, അന്നയെ മരണംവരെ മറക്കില്ല. സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ കോസ്റ്ററീക്കയ്‌ക്കെതിരേ ബ്രസീലിന്റെ വിസ്മയവിജയം കണ്ടിറങ്ങിവന്ന സന്ധ്യ. സ്റ്റേഡിയം പരിസരത്തെ മെട്രോ സ്റ്റേഷന്‍ നിറഞ്ഞുകവിഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഊഴംവെച്ചാണ് കാണികളെ കടത്തിവിട്ടത്. അര മണിക്കൂറിലേറെ ക്യൂവില്‍ നിന്ന ശേഷമാണ് സ്റ്റേഷനിലെത്തിയത്. പ്രിമോറ്റ്സ്‌കായ സ്റ്റേഷനിലേക്ക് മഹാപ്രവാഹം.

ബ്രസീലിന്റെ ആഘോഷങ്ങള്‍ നിലച്ചിരുന്നില്ല. സ്റ്റേഡിയം വിട്ടുപോകാതെ സാംബാ നൃത്തം ചവിട്ടുന്ന ആരാധകരെ, വാര്‍ത്തയെഴുതി അയച്ചശേഷവും കണ്ടു. ഒരു ഗാലറി നിറയെ ബ്രസീലിയന്‍ ആരാധകര്‍. 96 മിനിറ്റ് നീണ്ട കളിയുടെ അവസാന ആറു മിനിറ്റിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 90 മിനിറ്റും നിശ്ചേതനമായിപ്പോയ ബ്രസീലിയന്‍ ഗാലറികള്‍ക്ക്, ഇഞ്ചുറി ടൈമില്‍ വീണ ഇരട്ടഗോളുകള്‍ ആഘോഷിക്കാന്‍ സമയം തികഞ്ഞില്ല. അതുകൊണ്ട് ബ്രസീലിന്റെ ഗാലറി കളികഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞും പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തെ ത്രസിപ്പിച്ചു.

അവസാനത്തെ ബ്രസീല്‍ ആരാധകനും ആരവം മുഴക്കി മടങ്ങിക്കഴിഞ്ഞാണ് സ്റ്റേഡിയം വിട്ടത്. സ്റ്റേഡിയത്തിനടുത്താണ് മെട്രോ സ്റ്റേഷന്‍. പക്ഷേ, പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ അതിന് ശേഷിയില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍, സൂക്ഷ്മതയോടെ ആരാധകരെ അരിച്ചരിച്ച് മെട്രോയിലേക്കിറക്കിവിട്ടു. അനുനിമിഷം ട്രെയിനുകള്‍ വന്നു. നൂറുകണക്കിനാളുകള്‍ ചാടിക്കയറുന്നു. പ്രിമോറ്റ്സ്‌കായ സ്റ്റേഷനിലേക്കാണ് എനിക്ക് പോകേണ്ടത്. അടുത്തുതന്നെയാണ് ആ സ്റ്റേഷന്‍. അവിടെയിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

പക്ഷേ, അവിടെനിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്ന ഹോട്ടല്‍. ആദ്യദിവസം വന്ന പരിചയത്തില്‍ ഒരു ബസില്‍ കയറി. അടുത്തുനിന്ന പെണ്‍കുട്ടിയെ ഹോട്ടലിന്റെ പേര് കാണിച്ചു. പാകിസ്താനില്‍നിന്നാണോ എന്ന് ചോദിച്ചു. ഇന്ത്യക്കാരനാണെന്ന് പറഞ്ഞു. അവള്‍ ചിരിച്ചു. ഈ ബസ് താമസസ്ഥലത്തേക്ക് തന്നെയാണോ പോകുന്നത് എന്ന് ചോദിച്ചു. അവള്‍ തലയാട്ടി. പേരെന്താണെന്ന് ചോദിച്ചു. അവള്‍ പറഞ്ഞു - അന്ന. ആ പേര് കേട്ട് ഞെട്ടി. ഇരുപതോ ഇരുപത്തൊന്നോ വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ കൈകളില്‍ മുറുകെപ്പിടിച്ചു. എന്നിട്ടു പറഞ്ഞു - എനിക്ക് റഷ്യയില്‍ അറിയാവുന്ന ഒരന്നയേയുള്ളൂ, അത് അന്ന കരിനീനയാണ്. അന്നയുടെ മുഖം പ്രസാദിച്ചു. കഴുത്തില്‍ കിടന്ന ഫിഫ ലോകകപ്പ് അക്രഡിറ്റേഷന്‍ കാര്‍ഡില്‍ അവള്‍ തൊട്ടു.

പുതിയ റഷ്യയുടെ പുതിയ അന്നയെ അടുത്തറിയുകയായിരുന്നു. അന്ന കൈയില്‍പിടിച്ചു. Who will win this World Cup - അന്ന ചോദിക്കുന്നു. മറുപടി പറഞ്ഞു - A new champion arising. അന്ന ചിരിക്കുന്നു. ബസ് നിന്നപ്പോള്‍, ആ പെണ്‍കുട്ടി പിടിച്ചിറക്കി. പിന്നെ കൈപിടിച്ചുനടത്തി. അതാ ഹോട്ടല്‍. താമസസ്ഥലത്തെത്തിയതിന്റെ ആശ്വാസം ചെറുതായിരുന്നില്ല. അന്ന പോകാന്‍ ഒരുങ്ങുകയാണ്. അവള്‍ക്കുപോകേണ്ട വഴി വേറെയാണ്. എന്നിട്ടും ഈ ഇന്ത്യക്കാരനെ വഴിനടത്തി. നിറമിഴികളോടെ അന്നയുടെ കൈകളില്‍ ചുംബിച്ചു യാത്രയാക്കി. അന്ന മടങ്ങുകയാണ്..... സ്പസിബോ (നന്ദി) അന്ന...