കേരളത്തില്‍ ഏറെയും അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ് ആരാധകരാണല്ലോ. എന്റെയൊച്ച വേറിട്ടുകേട്ടുവോ എന്ന് ചോദിച്ച് ബെല്‍ജിയത്തെ നെഞ്ചേറ്റിയ ഒരു ആരാധകനെ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ബെല്‍ജിയം-ഫ്രാന്‍സ് സെമിഫൈനലിനിടെ കണ്ടുമുട്ടി. മുണ്ടക്കയം സ്വദേശി സെബിന്‍ കുര്യാക്കോസിനെ.

ഈ ചെറുപ്പക്കാരന്‍ ബെല്‍ജിയം ടീമിനുവേണ്ടി പലതും നഷ്ടപ്പെടുത്തി. ന്യൂസീലന്‍ഡിലെ ജോലി കളഞ്ഞാണ് റഷ്യയില്‍ ബെല്‍ജിയത്തിനൊപ്പം കൂടിയത്. നാലുകൊല്ലം മുമ്പ് തുടങ്ങിയ ആരാധന. ബെല്‍ജിയത്തിന്റെ പിന്നാലെ പോകാന്‍ നിനക്ക് ഭ്രാന്താണോ എന്ന് കൂട്ടുകാരുടെ ചോദ്യം. ന്യൂസീലന്‍ഡില്‍ എത്തിയശേഷം വര്‍ക്ക് പെര്‍മിറ്റ് കിട്ടി. ജോലിക്ക് കയറേണ്ട സമയം. അപ്പോഴാണ് റഷ്യന്‍ ലോകകപ്പിന്റെ വരവ്. 

ഫിഫ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം തുടങ്ങിയപ്പോള്‍ത്തന്നെ ബെല്‍ജിയത്തിന്റെ കളികള്‍ക്കുള്ള ടിക്കറ്റെടുത്തു. ലോകകപ്പ് കാണാന്‍ അവധി നല്‍കണമെന്ന അഭ്യര്‍ഥന ആദ്യം തൊഴിലുടമ സമ്മതിച്ചെങ്കിലും പിന്നീട് കാലുമാറി. 'നിനക്ക് ജോലി വേണോ, അതോ ലോകകപ്പ് കാണണോ' എന്നായി ചോദ്യം. ലോകകപ്പ് കാണണം എന്ന് ഉറച്ച മറുപടി. അതോടെ തൊഴില്‍വിസ റദ്ദായി. ഫുട്ബോളിന്റെ കാര്യത്തില്‍ താനൊരു പിടിവാശിക്കാരനാണെന്ന് സെബിന്‍.

ഖേദങ്ങളില്ലാതെ, റഷ്യയിലേക്ക് തിരിച്ചു. ബെല്‍ജിയം ടീം കണ്‍മുന്നില്‍. സെബിന്റെ സ്വപ്നത്തിലെ നിമിഷങ്ങളാണ് റഷ്യയില്‍ കടന്നുപോയത്. പാനമയ്‌ക്കെതിരായ കളി കണ്ടപ്പോള്‍, സ്വന്തം ടീം പോക്കാണെന്ന് തോന്നി. പക്ഷേ, കളി പുരോഗമിച്ചപ്പോള്‍ കഥമാറി. വിന്‍സന്റ് കൊമ്പനിയെയും കെവിന്‍ ഡിബ്രൂയിനെയും ഹസാര്‍ഡിനെയും പിടിച്ചുകെട്ടാന്‍ ആര്‍ക്കുമാവില്ലെന്ന് സെബിന്‍ വിശ്വസിച്ചു. 

ബ്രസീലിനെ തോല്പിച്ചപ്പോള്‍ ലോകകപ്പ് നേടിയപോലെയായി. പക്ഷേ, സെമിയില്‍ ബെല്‍ജിയം വീണതോടെ സെബിന്റെ സ്വപ്നങ്ങളും തകര്‍ന്നു. ഫ്രാന്‍സ് അമിതമായി പ്രതിരോധത്തെ ആശ്രയിച്ചെന്നും ഫുട്ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ കളി ഇഷ്ടപ്പെടില്ലെന്നും സെബിന്‍.

ഫുട്ബോളിന് പിന്നാലെ പോയതോടെ, സെബിന്റെ ജീവിതത്തില്‍ നഷ്ടങ്ങളാണേറെ. പക്ഷേ, പനച്ചിക്കല്‍ കുര്യാക്കോസിന്റെയും ഓമനയുടെയും മകന് അത് നഷ്ടമായി തോന്നുന്നില്ല. ''2030-ല്‍ ഇന്ത്യ ലോകകപ്പ് കളിക്കണം. ചെറിയ രാജ്യങ്ങള്‍ക്കുവരെ വലിയ ടീമുകളുണ്ട്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തിന് പക്ഷേ, ലോകവേദിയില്‍ സ്ഥാനമില്ല. അതുണ്ടാകമെന്നാണ് എന്റെ സ്വപ്നം'' - സെബിന്‍ പറയുന്നു.