ങ്ങമ്പുഴയും കുമാരനാശാനും റഷ്യന്‍ നഗരമായ നിഷ്നി നവ്ഗറോദില്‍ സംഘര്‍ഷത്തിലാണ്. നിഷ്നിയില്‍ സൂര്യനസ്തമിക്കുന്നില്ല. രാത്രി വൈകുവോളമെത്തിയാലും സായംസന്ധ്യയുടെ പ്രതീതിമാത്രം. ആ സമയത്താണ് ഭക്ഷണം തേടിയിറങ്ങിയത്. ഹോട്ടല്‍ എന്ന ബോര്‍ഡുകളില്ല, കണ്‍മുന്നില്‍ കാണുന്നവിധം തട്ടുകടകളില്ല. ബോര്‍ഡുകളെല്ലാം റഷ്യനില്‍ ആയതിനാല്‍ അകത്തുകയറിയാലേ അവിടെ എന്തു സംഭവിക്കുന്നു എന്നറിയൂ. റഷ്യന്‍ ഭക്ഷണമാണെങ്കില്‍ ഇഷ്ടപ്പെടുന്നുമില്ല. മക്ഡൊണാള്‍ഡ്സിന്റെയും കെ.എഫ്.സി.യുടെയും റെസ്റ്റോറന്റുകളില്‍ കയറിയാല്‍ ഭേദപ്പെട്ട ഭക്ഷണം കിട്ടും. ഇവിടെ അവരെ കാണാനില്ല. ചോറും മീന്‍കറിയും കൊതിപ്പിക്കുന്നു. പക്ഷേ, എന്തുചെയ്യാം, എന്തും കഴിക്കുക മാത്രമാണ് മാര്‍ഗം.

വിശന്നുപൊരിഞ്ഞൊരു നിമിഷത്തില്‍ ഏതാനും വാതിലുകള്‍ തള്ളിത്തുറന്നു. ഒന്നിലേക്ക് കയറിയപ്പോള്‍ കാതടപ്പിക്കുന്ന സംഗീതം. കണ്ണഞ്ചിപ്പോയി, ചെവിപൊട്ടിപ്പോയി. അവിടെ യുവത്വത്തിന്റെ ആഘോഷമാണ്. എല്ലാവരുടെയും കൈകളില്‍ ബിയര്‍ ഗ്ലാസുകള്‍. ഇരുകാലുകള്‍ക്കുമിടയില്‍ ബിയര്‍ഗ്ലാസുകള്‍വെച്ച്, പെണ്‍കുട്ടികള്‍ സിഗരറ്റ് വലിച്ചിരിക്കുന്നു. ഉടനെ ഇറങ്ങിയോടാന്‍ തോന്നി. എങ്കിലും ഇതാണല്ലേ റഷ്യയുടെ രാത്രിജീവിതം എന്ന് മനസ്സുപറഞ്ഞു. കുമാരനാശാന്‍ എഴുതിയതുപോലെ 'കരപറ്റിനിന്നുവീണ്ടും കുണുങ്ങിത്തന്‍ കുളത്തിലേക്കരയന്നപ്പിടപോലെ നടന്നുപോയി' ഏതാനും നിമിഷങ്ങള്‍ ആ മാസ്മരികതയില്‍ നിന്നു.

നടപ്പിന് വേഗം കൂടുകയാണ്... വിശന്നാലും കുഴപ്പമൊന്നുമില്ല. വയറു പൊരിഞ്ഞു നടന്ന കാലങ്ങളെത്ര. റഷ്യയില്‍ പകലുകളേക്കാള്‍ കൂടുതല്‍ രാത്രിയിലാണ് ജീവിതം മനോഹരമാകുന്നത്. രാത്രിയില്‍ കുഞ്ഞുങ്ങളെയുമെടുത്താണ് പലരും ക്ലബ്ബുകളിലേക്ക് വരുന്നത്. കാണരുതാത്ത കാഴ്ചകള്‍ക്ക് മുന്നിലൂടെ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കരായി നടക്കുന്നു. പലരുടെയും കൈയില്‍ നായ്ക്കുട്ടികളുമുണ്ടാകും. നായ്ക്കുട്ടികളെ ഒപ്പം കൊണ്ടുനടക്കുക റഷ്യക്കാരുടെ രീതിയാണ്. മനസ്സ് നിറയാനും ശാന്തമാകാനും അരികിലൊരു നായ്ക്കുട്ടി മതി. അത് ഉപാധികളില്ലാത്ത സ്‌നേഹമാണ്. ഏറ്റവും നിഷ്‌കളങ്കമായ സ്‌നേഹം. 

ലോകകപ്പിലെ ആറു പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് നിഷ്നി വേദിയായി. ഒന്നാം തീയതി ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍. ആറാം തീയതി വമ്പന്‍മാര്‍ അണിനിരക്കുന്ന ക്വാര്‍ട്ടര്‍. നിഷ്നി അത്രയും മനോഹരിയാണ്. ഈ ലോകകപ്പിന്റെ നടുമുറ്റമാണീ നഗരം. മറ്റ് ലോകകപ്പ് വേദികളിലേക്ക് ഏതാണ്ട് തുല്യദൂരം. വോള്‍ഗാനദിയുടെ മടിത്തട്ട്.