മോസ്‌കോ സ്പാർട്ടക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട്-കൊളംബിയ പോരാട്ടം ഷൂട്ടൗട്ടിലേക്ക് കടക്കുന്നതിനിടയിലാണ് മീഡിയ ട്രിബ്യൂണിൽ ഒരു മുഖം കാണുന്നത്. നല്ല പരിചയമുണ്ടല്ലോ എന്ന് ഓർത്തു. അതേ, അദ്ദേഹം തന്നെ -ഗസ് ഹിഡിങ്ക്. ലോകവേദിയിൽ എണ്ണമറ്റ നേട്ടങ്ങൾ സ്വന്തമാക്കിയ, ഇതിഹാസതുല്യനായ പരിശീലകൻ. ഹോളണ്ടിന്റെ മുൻ താരം. വിരമിച്ചശേഷം പരിശീലകൻ. അരനൂറ്റാണ്ടിലേറെയായി ഈ മനുഷ്യൻ ഫുട്‌ബോൾ രംഗത്തുണ്ട്. ഇപ്പോഴും ഇതാ ലോകവേദിയിൽ. ഇക്കുറി കമന്റേറ്ററുടെ വേഷമാണ്.

ഓസ്‌ട്രേലിയ, തുർക്കി, റഷ്യ, ഹോളണ്ട്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെയും റയൽ മഡ്രിഡ്, ചെൽസി, വലൻസിയ, പി.എസ്.വി. ഐന്തോവൻ തുടങ്ങിയ ടീമുകളുടെയും പരിശീലകൻ. കോച്ചിങ് രംഗത്ത് ലോകത്തെ അതികായൻ.

ലോകവേദിയിൽ ഹിഡിങ്കിന്റെ നേട്ടങ്ങൾ എണ്ണിയാൽ തീരില്ല. 2002-ൽ ദക്ഷിണകൊറിയയെ ലോകകപ്പിന്റെ സെമിഫൈനൽവരെയെത്തിച്ചു. കൊറിയയിലെ ദേശീയ ഹീറോയായിമാറിയ കാലം. ഓസ്‌ട്രേലിയയ്ക്ക്, 32 വർഷങ്ങൾക്കുശേഷം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു. ഓസ്‌ട്രേലിയ ആദ്യമായി പ്രീക്വാർട്ടറിൽ എത്തിയത് ഹിഡിങ്കിന്റെ പരിശീലനത്തിലാണ്. റഷ്യയെ 2008 യൂറോകപ്പിന്റെ സെമിഫൈനലിലേക്ക് നയിച്ചു. 1998-ൽ സ്വന്തം രാജ്യമായ ഹോളണ്ടിന് നേടിക്കൊടുത്തത് ലോകകപ്പിലെ നാലാംസ്ഥാനം. ക്ലബ്ബ് കരിയറിലെ നേട്ടങ്ങൾ എത്രയെത്ര. റൊണാൾഡോയെയും റൊമാരിയോയെയുംപോലുള്ള വമ്പൻതാരങ്ങളെ പരിശീലിപ്പിച്ച മഹാൻ. ഇപ്പോൾ 71 വയസ്സ്. ഒപ്പംനിന്നൊരു ഫോട്ടോയെടുത്തു. സുഖമാണോയെന്ന് ചോദിച്ചു. ഫൈൻ എന്ന് മറുപടി.

ഇംഗ്ലണ്ട്-കൊളംബിയ പെനാൽറ്റി ഷൂട്ടൗട്ട് അദ്ദേഹം നിർമമതയോടെയാണ്‌ കണ്ടത്. വലിയ ഭാവഭേദങ്ങളൊന്നും ആ മുഖത്ത് വരാറില്ല.

ഇത്തവണ, ഗ്രൗണ്ടിനരികിലിരുന്ന് കളികാണാൻ അവസരംകിട്ടി. സാധാരണ, ഗാലറിയിലെ ഏറ്റവും ഉയരത്തിലാണ് മീഡിയ ട്രിബ്യൂൺ. തൊട്ടുമുന്നിലൂടെ ഹാരി കെയ്‌നും ഫൽക്കാവോയുമൊക്കെ പാഞ്ഞു. ഇരുരാജ്യങ്ങളുടെയും പരിശീലകർ അസ്വസ്ഥരാകുന്നതും ആഹ്ലാദിക്കുന്നതും അരികെക്കണ്ടു.

സ്പാർട്ടക്കിൽ ഇംഗ്ലണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പെനാൽട്ടികളിൽ എപ്പോഴും തോൽക്കുന്ന ടീം. ഇത്തവണയും ഗതി അതുതന്നെ എന്ന് ഏതാണ്ടെല്ലാവരും കരുതിയതാണ്. പക്ഷേ, ഇംഗ്ലണ്ട് ചരിത്രം തിരുത്തി. കഴിഞ്ഞ 22 വർഷത്തിനിടെ ആറ് പ്രധാന ടൂർണമെന്റുകളിലും അവർ പെനാൽട്ടിയിലാണ് വീണത്. പെനാൽട്ടി ശാപത്തിന് റഷ്യയിൽ അറുതി.

ഇംഗ്ലണ്ടിന്റേത് ചെറുപ്പക്കാരുടെ ടീമാണ്. കഴിഞ്ഞ അണ്ടർ 17, അണ്ടർ 20, ഫിഫ ലോകകപ്പുകൾ ജയിച്ചതിന്റെ തുടർച്ച സീനിയർ ടീമും ആവർത്തിക്കുന്നു. ഷൂട്ടൗട്ടിൽ കൊളംബിയയുടെ അവസാന രണ്ട് കിക്കുകളും പാഴായി. ഒന്ന് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, മറ്റൊന്ന് ഇംഗ്ലീഷ് കീപ്പർ ജോർഡൻ പിക്ക്‌ഫോർഡ് രക്ഷിച്ചു.

57-ാം മിനിറ്റിൽ വീണുകിട്ടിയ ഒരു പെനാൽട്ടിയിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. അതിൽ കടിച്ചുതൂങ്ങി ഇംഗ്ലണ്ട് രക്ഷപ്പെടുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ യെറി മിനയുടെ മിന്നൽ ഹെഡ്ഡറിലൂടെ കൊളംബിയയുടെ സമനിലഗോൾ. അധികസമയത്തിന്റെ ആദ്യപകുതിയിൽ കൊളംബിയ ഏതുനിമിഷവും ഗോളടിക്കുമെന്നനിലയായിരുന്നു. രണ്ടാം പകുതിയിൽ കഥമാറി. പെനാൽട്ടി ശാപത്തിന്റെ ഓർമയിൽ ഇംഗ്ലണ്ട് ആഞ്ഞടിച്ചു. പക്ഷേ, ഗോൾ അകന്നുനിന്നു. പിന്നെ ഷൂട്ടൗട്ട് ഭാഗ്യപരീക്ഷണം.

ആറു ഗോളുമായി ഹാരി കെയ്ൻ ഈ ലോകകപ്പിന്റെ ടോപ്പ് സ്കോററാവാൻ ഒരുങ്ങുകയാണ്. തത്‌കാലം ആ പദവിയിലേക്ക് ആരും കയറിവരുമെന്നു തോന്നുന്നില്ല.

കൊളംബിയയുടെ മഞ്ഞക്കടലിലൂടെയാണ് സ്റ്റേഡിയത്തിലേക്ക് കയറിയത്. അവർ സ്പാർട്ടക്കിന് ചുറ്റും ആർത്തലയ്ക്കുകയായിരുന്നു. സ്റ്റേഡിയത്തിലും അത് തുടർന്നു. തിരിച്ചിറങ്ങുമ്പോൾ ആൾക്കൂട്ടം നിശ്ശബ്ദമായിരുന്നു. അപൂർവമായി ചില ഇംഗ്ലീഷ് ആരാധകർ ആരവങ്ങൾ മുഴക്കുന്നതുകണ്ടു.

babysdaysinrussia@mpp.co.in