റൊസാരിയോയില്‍ ജനിച്ച രണ്ടുപേരെ മാത്രമേ ഇതുവരെ അറിയുമായിരുന്നുള്ളൂ -ചെ ഗുവേരയും ലയണല്‍ മെസ്സിയും. കഴിഞ്ഞ രാത്രി മോസ്‌കോയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് റൊസാരിയോക്കാരെ കണ്ടുമുട്ടി. അന്ത്രേസും പതിനെട്ടുകാരിയായ സഹോദരി ഹൊസെഫീനയും. ഒരുപാടുനേരം സംസാരിച്ചിരുന്നു. രണ്ടുപേരും ലോകകപ്പ് കാണാന്‍ റഷ്യയിലെത്തിയതാണ്. ഫ്രാന്‍സ്-ബെല്‍ജിയം സെമിഫൈനല്‍ കാണാനുള്ള യാത്ര. അവര്‍ വിശദമായി സംസാരിച്ചു.

അര്‍ജന്റീന എന്നേ പുറത്തായിരിക്കുന്നു. നിങ്ങള്‍ നാട്ടിലേക്ക് മടങ്ങിയില്ലേ ? 

അര്‍ജന്റീന സെമിഫൈനലിലോ ഫൈനലിലോ എത്തുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഞങ്ങള്‍ ഫുട്ബോള്‍ കാണാന്‍ വന്നവരാണ്. സെമിഫൈനല്‍വരെ ഇവിടെയുണ്ടാകും. ഫൈനലിനുമുമ്പ് നാട്ടിലേക്ക് മടങ്ങും

എന്താണ് അര്‍ജന്റീനയ്ക്ക് സംഭവിച്ചത് ? 

പറയാനാണെങ്കില്‍ ഏറെയുണ്ട്. അഴിമതിയും സ്വജനപക്ഷപാതവുമാണ് അര്‍ജന്റീന ഫുട്ബോളിനെ തകര്‍ത്തത്. അര്‍ജന്റീനയില്‍ അഴിമതി കൊടികുത്തിവാഴുകയാണ്. കളിക്കാര്‍ നിസ്സഹായരാകുന്ന ഭരണസംവിധാനം. അവിടെ എങ്ങനെ ഫുട്ബോള്‍ വളരാന്‍. ആന്റീ ലീഡര്‍ ആണ് അര്‍ജന്റീന ഫെഡറേഷനെ നയിക്കുന്നത്.

ലയണല്‍ മെസ്സിയെപ്പോലുള്ള ലോകോത്തരതാരങ്ങള്‍ ടീമിലുണ്ടല്ലോ. ഭരണസംവിധാനം എന്തായാലും കളിക്കളത്തിലല്ലേ കാര്യങ്ങള്‍ ? 

പക്ഷേ, കളിക്കാരൊന്നും ആത്മവിശ്വാസത്തോടെയല്ല ഗ്രൗണ്ടിലിറങ്ങുന്നത്. അത്രയും മോശമാണ് അര്‍ജന്റീനയിലെ ഫുട്ബോള്‍ ഫെഡറേഷന്‍. അവര്‍ക്ക് പണം മാത്രം മതി. കളിക്കാരെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. നല്ല അന്തരീക്ഷമുണ്ടെങ്കിലല്ലേ നല്ല കളികളുണ്ടാവൂ. അതില്ല.

പക്ഷേ, ഡീഗോ മാറഡോണ ഏതാണ്ടൊറ്റയ്ക്ക് അര്‍ജന്റീനയെ ലോകകിരീടത്തിലെത്തിച്ചില്ലേ. മെസ്സിക്ക് അത് ആവര്‍ത്തിക്കാനാകാത്തതെന്തുകൊണ്ട് ? 

അന്ന് ഒന്നുമില്ലായ്മയില്‍നിന്നാണ് അര്‍ജന്റീന ജേതാക്കളായത്. അതോടെ ഇവിടത്തെ ഭരണകര്‍ത്താക്കള്‍ അഹങ്കാരികളായി. 1986-ലെ ആ കിരീടത്തിനുശേഷം രണ്ടുതവണ ഞങ്ങള്‍ ഫൈനലിലെത്തി. അത് ചെറിയ നേട്ടമല്ലല്ലോ. 

ലോകകിരീടമില്ലാതെ മെസ്സിയുടെ കരിയര്‍ അസ്തമിക്കുകയാണല്ലോ ? 

അതെ, മെസ്സിക്ക് ഇനിയൊരു ലോകകപ്പുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഖത്തര്‍ ലോകകപ്പാകുമ്പോഴേക്ക് അദ്ദേഹത്തിന് 35 വയസ്സാകും. പക്ഷേ, മെസ്സി അര്‍ജന്റീനകണ്ട മഹാമനുഷ്യനായി തുടരും.

അപ്പോള്‍ മാറഡോണ ? 

കളിക്കാരനെന്നനിലയിലോ മനുഷ്യനെന്നനിലയിലോ? മാറഡോണ മികച്ച കളിക്കാരനാണെന്ന് ലോകത്തിനറിയാം. പക്ഷേ, ഒരു നല്ല മനുഷ്യനെന്ന് പറയാനാവുമോ. മെസ്സി മഹാനായ കളിക്കാരനും വലിയ മനുഷ്യസ്‌നേഹിയുമാണ്.
 
അര്‍ജന്റീന ഇനിയെന്ന് ലോകചാമ്പ്യന്‍മാരാകും ? 

ഫുട്ബോള്‍ കളിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ ഞങ്ങളുടെ നാട്ടിലുണ്ട്, ആയിരക്കണക്കിന് ഫുട്ബോള്‍ ക്ലബ്ബുകളും. ഫുട്ബോള്‍ ഒരിക്കലും അവിടെ തളരില്ല. ഇപ്പോഴത്തെ കുത്തഴിഞ്ഞ ഭരണസംവിധാനം മാറിയാല്‍ എല്ലാം ശരിയാകുമെന്ന് ഞങ്ങളെല്ലാം വിശ്വസിക്കുന്നു.

അര്‍ജന്റീനയെ ലോകം മുഴുവന്‍ ആരാധിക്കുന്നു. കടുത്ത അര്‍ജന്റീന ആരാധകരുള്ള നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത് ? 

എനിക്കറിയാം. ആദ്യമായാണ് ഒരു ലോകകപ്പ് കാണാന്‍ ഞങ്ങള്‍ വരുന്നത്. അര്‍ജന്റീനയുടെ ടീ ഷര്‍ട്ടുമിട്ട് ഞാനും സഹോദരിയും ഇറങ്ങിനടന്ന ഈ ദിവസങ്ങളില്‍, ഞങ്ങള്‍ക്കൊപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളിലെ ആരാധകരെത്തി. അര്‍ജന്റീനയെ ആരാധിക്കുന്ന എത്രയോ ആയിരങ്ങള്‍ ഈ ലോകത്തുണ്ടെന്ന് ഞങ്ങളറിഞ്ഞു. പിന്നെ ഞാന്‍ അനിയത്തിയോടു പറഞ്ഞു -ഈ നീല ടീ ഷര്‍ട്ട് നമുക്ക് തത്കാലം മാറ്റിവയ്ക്കാം. സ്വതന്ത്രമായി നടക്കാം.

Content Highlights : argentina football, lionel messi,russia world cup,  FIFA World Cup 2018