aleksandr pushkin
പുഷ്‌കിന്റെയും ഭാര്യയുടെയും ശില്പം.
ഫോട്ടോ: പി.ടി. ബേബി

ലക്സാണ്ടര്‍ പുഷ്‌കിന്‍ എന്ന മഹാനായ സാഹിത്യകാരന്‍ വിവാഹശേഷം താമസിച്ച മോസ്‌കോ അര്‍ബാത്തിലെ അപ്പാര്‍ട്ട്മെന്റ്. 1831 ജനുവരി മുതല്‍ മേയ് വരെ അദ്ദേഹവും ഭാര്യയുമിവിടെ വാടകയ്ക്ക് കഴിഞ്ഞു. അവരുടെ മധുവിധുകാലം ഇവിടെയായിരുന്നു.

കയറിച്ചെല്ലുമ്പോഴേ പുഷ്‌കിനും ഭാര്യയുമൊത്തുള്ള ഒരു ശില്പം കാണാം. അത് കണ്ടപ്പോള്‍ ഉള്ളുപിടഞ്ഞു. സുന്ദരിയായ തന്റെ ഭാര്യയെപ്രതിയാണല്ലോ 37-ാം വയസ്സില്‍ അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടിവന്നത്. ഭാര്യ നതാലിയയെ സ്വന്തമാക്കാന്‍ ശ്രമിച്ച ബന്ധുവുമായി അദ്ദേഹം ഏറ്റുമുട്ടി. മാരകമായി മുറിവേറ്റു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്ന ദയനീയാന്ത്യം.

ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെ പിതാവാണ് അലക്സാണ്ടര്‍ പുഷ്‌കിന്‍. റഷ്യകണ്ട ഏറ്റവും വലിയ കവി. റൊമാന്റിക് കാലഘട്ടത്തില്‍, വാക്കുകള്‍കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സാഹിത്യകാരന്‍. നാടകങ്ങളും നോവലുകളും എഴുതി. ഇന്നും പുഷ്‌കിന്‍ റഷ്യയില്‍ ഏറെ ബഹുമാനിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ നിരവധി സ്മാരകങ്ങള്‍ രാജ്യത്തുണ്ട്.

1799-ല്‍ ജനിച്ച പുഷ്‌കിന്റെ മരണം 1837-ലായിരുന്നു. ചെറിയ ജീവിതകാലംകൊണ്ട് അദ്ദേഹം ലോകത്തിന്റെ മുഴുവന്‍ ആരാധനാപാത്രമായി. പുഷ്‌കിന്റെ രചനകളുടെ കൈയെഴുത്ത് പ്രതികള്‍, ആദ്യപതിപ്പുകള്‍, അദ്ദേഹത്തിന്റെ കണ്ണട, പേന, പിയാനോ, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തിലുണ്ട്. എന്തൊക്കെയോ എങ്ങനെയൊക്കെയോ എഴുതിയ ഒരു കഷണം കടലാസ് കണ്ണാടിക്കൂട്ടിലുണ്ട്. അതില്‍ വിചിത്രങ്ങളായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. സങ്കീര്‍ണമായ മനസ്സിന്റെ പ്രതിഫലനം ആ കടലാസില്‍ കാണാം.

പുഷ്‌കിന്റെ മുഴുവന്‍ രചനകളുമുള്ള ലൈബ്രറി ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് ഓര്‍മയ്ക്കായി കൊണ്ടുപോകാന്‍ പാകത്തിനുള്ള നന്നേ ചെറിയ പുസ്തകങ്ങളുമുണ്ട്. പുറത്ത് അര്‍ബാത്ത് വീഥിയില്‍ പുഷ്‌കിന്റെ വലിയൊരു പ്രതിമ. അവിടെനിന്ന് ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്...