മോസ്‌കോ: റസിയ്യാ... റസിയ്യാ.... ആരവങ്ങള്‍ കാതില്‍ മുഴങ്ങുകയാണ്. ഒരു പകലും രാത്രിയും മുഴുവന്‍ രാജ്യത്തിന്റെ പേരുചൊല്ലി റഷ്യന്‍ ജനത ആര്‍ത്തലച്ചു. ശനിയാഴ്ച സായാഹ്നം റഷ്യക്കാരുടെ ഒപ്പമായിരുന്നു. മോസ്‌കോ ക്രെംലിനില്‍ അവരോടൊപ്പം കൂടി. അവിടേക്ക് ദേശീയപതാകകളുമായി ജനം ഇരമ്പിയെത്തി. ആ മഹാസമുദ്രത്തില്‍ ഒരു തുള്ളിയായി ഒഴുകി. രാത്രി ഒമ്പതിന് കളി തുടങ്ങി. കൂറ്റന്‍ സ്‌ക്രീനില്‍ കളികണ്ട പതിനായിരങ്ങള്‍ക്കൊപ്പം അവസാനംവരെ നിന്നു. പൂത്തിരി കത്തിയ നിമിഷങ്ങള്‍, മാറിമറിഞ്ഞ ഭാഗ്യങ്ങള്‍. ഒടുവില്‍ ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ചിന്റെ ഷോട്ട് റഷ്യന്‍ വലയില്‍ പതിക്കുമ്പോള്‍ തകര്‍ന്നത് ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ ഹൃദയം കൂടിയായിരുന്നു.

Russia

വേര്‍പിരിയലുകളുടെ വേദനകളാണ് ഈ ലോകകപ്പിന്റെ മുഖമുദ്ര. പ്രിയപ്പെട്ട ടീമുകളെ ആരാധര്‍ക്ക് അകാലത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആതിഥേയരെന്ന നിലയില്‍ ഈ ലോകകപ്പിന്റെ വൈകാരികതകളിലൊന്നായിരുന്നു റഷ്യന്‍ ടീം. ഈ ലോകകപ്പില്‍ പങ്കെടുത്ത ടീമുകളില്‍, അവസാനസീഡുകാരായ റഷ്യക്ക് ക്വാര്‍ട്ടര്‍ തന്നെ വലിയ കാര്യമാണ്. എങ്കിലും വമ്പന്‍ ടീമുകള്‍ അട്ടിമറിക്കപ്പെടുന്ന ലോകകപ്പില്‍ അവര്‍ ഒരു സ്ഥാനം കൂടി മുന്നോട്ടാഗ്രഹിച്ചു. സോവിയറ്റ് യൂണിയന്‍ ആയിരുന്നപ്പോള്‍ അവര്‍ സെമിയിലെത്തിയിട്ടുണ്ട്.

റഷ്യയുടെ ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ പ്രകമ്പനം കൊള്ളുകയായിരുന്നു. അരികെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുകളില്‍ പതാക പാറുന്നു. വ്‌ളാദിമിര്‍ പുതിന്‍ അവിടെയുണ്ട്. അടുത്തുതന്നെ മഹാനായ ലെനിന്റെ ഭൗതികശരീരവും. കാലം സാക്ഷി, ചരിത്രം സാക്ഷി.

Russia

ഫിഫയുടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നു. ഒരു വശത്ത് ഗോളടിമത്സരം, മറുവശത്ത് കുട്ടികളുടെ ഫുട്ബോള്‍ കളി. ആ വലയ്ക്ക് പുറത്ത്, റഷ്യന്‍ പതാകകളുമായ് പതിനായിരങ്ങള്‍. റസിയ്യാ... റസിയ്യാ... വിളികളുമായ് അവര്‍ രംഗം കൈയടക്കി. അവരില്‍ കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. ചക്രത്തൊട്ടിലിലിരുന്ന് അവര്‍ കണ്ണുമിഴിച്ചുനോക്കുന്നു. അല്പമൊക്കെ അറിവായ കുട്ടികളുടെ കവിളില്‍ ദേശീയപതാക ആലേഖനം ചെയ്തിരിക്കുന്നു.

ക്രെംലിന്‍ പ്രകമ്പനം കൊണ്ടുനില്‍ക്കെ, ഒരു സ്‌നേഹഗാനം പോലെ ചാറ്റല്‍മഴയെത്തി. ആ കുളിര്‍മഴയില്‍ ജനം നനഞ്ഞുനിന്നു. കളി തുടങ്ങുമ്പോഴേക്കും ഒരു സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലേറെ ആളുകള്‍. ഒരുവശത്ത് വമ്പന്‍ സ്‌ക്രീനിന് മുന്നില്‍ അവര്‍ തമ്പടിച്ചു. സമീപത്തെ വലിയ ഹോട്ടലുകളിലെല്ലാം കളികാണാന്‍ സൗകര്യങ്ങളുണ്ടായിരുന്നു.

ആദ്യവസാനം എരിപൊരികൊണ്ട മത്സരം. 31-ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവിന്റെ ഗോളെത്തിയതോടെ ആരവങ്ങളുടെ ശക്തിയേറി. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ആന്ദ്രെ ക്രാമറിച്ച് ക്രൊയേഷ്യയുടെ സമനിലഗോളടിച്ചു. പിന്നെ എക്സ്ട്രാ ടൈമില്‍, 101-ാം മിനിറ്റില്‍ ഡോമജോദ് വിദയുടെ ഉജ്ജ്വലഗോളില്‍ ക്രൊയേഷ്യ മുന്നില്‍. പിരിമുറുക്കം കൂടിക്കൊണ്ടിരുന്നു. കളി ഈ സ്‌കോറില്‍ തീര്‍ന്നുപോകുമോയെന്ന് ഭയപ്പെട്ട ആരാധകര്‍ എന്തു ചെയ്യണമെന്നറിയാതെ തലതല്ലിക്കൊണ്ടിരുന്നു. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ, മാരിയോ ഫെര്‍ണാണ്ടസിന്റെ സമനിലഗോള്‍. റഷ്യയില്‍ ശനിയാഴ്ച മുഴങ്ങിയ ഏറ്റവും വലിയ ആരവം അപ്പോഴായിരുന്നു.

Russia

ഇനി ഷൂട്ടൗട്ട് വന്നാലും റഷ്യയെ പിടിച്ചാല്‍ കിട്ടില്ലെന്ന് തോന്നി. ഷൂട്ടൗട്ടിലെ റഷ്യയുടെ ഓരോ കിക്കിനും 'ഇത് വലയിലേക്ക്' എന്നും ക്രൊയേഷ്യയുടെ കിക്കിന് 'ഇത് പുറത്തേക്ക്' എന്നും ആര്‍പ്പുവിളി. പക്ഷേ, രണ്ട് ഷോട്ടുകള്‍ തുലച്ച റഷ്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ കഥയവസാനിപ്പിച്ചു.

റഷ്യന്‍ ആരാധകര്‍ വീടുകളിലേക്ക് തിരിച്ചൊഴുകി. വീഥികളിലും മെട്രോകളിലിലും വന്‍ തിരക്ക്. അര്‍ധരാത്രിയിലെ ആ തേങ്ങലുകള്‍ക്കിടയിലും പക്ഷേ, ആരും ടീമിനെ കുറ്റപ്പെടുത്തിയില്ല. റസിയ്യാ....റസിയ്യാ.... വിളികള്‍ എവിടെയും മുഴങ്ങിക്കൊണ്ടിരുന്നു. കാരണം റഷ്യക്കാര്‍ ഈ രാജ്യത്തെ അത്രയും സ്‌നേഹിക്കുന്നു.

പൊരുതിവീണ റഷ്യ

Russia

ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ഫൈനലിലാണ് ക്രൊയേഷ്യ ആതിഥേയരായ റഷ്യയെ മറികടന്നത് (4-3). നിശ്ചിതസമയത്ത് ഇരുടീമുകളും 2-2 എന്നനിലയില്‍ തുല്യതപാലിച്ചു. സെമിഫൈനലില്‍ക്കടന്ന ക്രൊയേഷ്യയ്ക്ക് ഇംഗ്ലണ്ടാണ് എതിരാളി.

നിശ്ചിതസമയത്ത് ക്രൊയേഷ്യക്കായി ക്രെമാറിച്ച് (39) ദോമഗോജ് വിദ (100) എന്നിവരും റഷ്യക്കായി ഡെന്നീസ് ചെറിഷേവ് (31) മരിയോ ഫെര്‍ണാണ്ടസ് (115) എന്നിവരും സ്‌കോര്‍ചെയ്തു.

ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ബ്രോസോവിച്ച്, ലൂക്ക മോഡ്രിച്ച്, വിദ, റാക്കിട്ടിച്ച് എന്നിവര്‍ ലക്ഷ്യംകണ്ടു. കൊവോസിച്ചിന്റെ കിക്ക് പാഴായി. റഷ്യക്കായി അലന്‍ സഗയേവ്, ഇഗ്‌നാസെവിച്ച്, കുസിയേവ് എന്നിവര്‍ സ്‌കോര്‍ചെയ്തപ്പോള്‍ മരിയ ഫെര്‍ണാണ്ടസും സ്‌മോലോവും കിക്ക് പാഴാക്കി. 

Photos; Getty Images/Fifa