റിയോ: കൊളംബിയയും അർജന്റീനയും തമ്മിലുള്ള കോപ്പ അമേരിക്ക ഫുട്ബോൾ സെമി ഫൈനലിൽ അർജന്റീനക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ആദ്യ സെമി ഫൈനലിൽ പെറുവിനെ ഒരു ഗോളിന് തോൽപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു നെയ്മർ.

'ഫൈനലിൽ അർജന്റീനക്കായി കാത്തിരിക്കുകയാണ്. കാരണം അർജന്റീനയിൽ എനിക്ക് സുഹൃത്തുക്കളുണ്ട്. പക്ഷേ ഫൈനലിൽ ബ്രസീൽ വിജയിക്കും.' ചിരിയോടെ നെയ്മർ പറയുന്നു.

പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിലെത്തിയത്. നെയ്മറുടെ അസിസ്റ്റിൽ നിന്ന് ലൂകാസ് പാക്വേറ്റയാണ് ലക്ഷ്യം കണ്ടത്.

ബുധനാഴ്ച്ച പുലർച്ചെ 6.30നാണ് കൊളംബിയ-അർജന്റീന സെമി ഫൈനൽ പോരാട്ടം. കോപ്പ അമേരിക്കയ്ക്ക് മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയ അർജന്റീനയെ 2-2ന് സമനിലയിൽ പിടിച്ചിരുന്നു.

Content Highlights: Neymar wants Brazil to face Argentina in Copa America final