റിയോ ഡി ജനൈറോ: 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന ഒരിക്കല്‍ കൂടി കോപ്പ അമേരിക്ക ജേതാക്കളായപ്പോള്‍ അവസാനിച്ചത് ദേശീയ ജേഴ്‌സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പ് കൂടിയായിരുന്നു.

ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുമ്പോഴും പലപ്പോഴും കാലാശപ്പോരിനൊടുവില്‍ തോറ്റവന്റെ കണ്ണീരുമായി നിലകൊള്ളുന്ന മെസ്സിയെയാണ് ഫുട്‌ബോള്‍ ലോകം ഇതുവരെ അര്‍ജന്റീനയുടെ ദേശീയ ജേഴ്‌സിയില്‍ കണ്ടുകൊണ്ടിരുന്നത്. ആ കാഴ്ചയ്ക്കാണ് ബ്രസീലിനെതിരായ ഫൈനലിനൊടുവില്‍ മാറ്റം വന്നത്. 

2014-ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് തോറ്റതിനുശേഷം 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും പരാജയമായിരുന്നു മെസ്സിയേയും അര്‍ജന്റീനയേയും കാത്തിരുന്നത്. 

ഇപ്പോഴിതാ കോപ്പ അമേരിക്ക കിരീടത്തോടെ ദേശീയ ജേഴ്‌സിയിലെ കിരീടവരള്‍ച്ച മെസ്സി അവസാനിപ്പിച്ചിരിക്കുകയാണ്. അതും നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടം നെയ്മറുമൊത്ത് പങ്കുവെച്ചുകൊണ്ട്. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസ്സി തന്നെ. നാലു ഗോളുകള്‍ നേടിയതിനൊപ്പം അഞ്ചെണ്ണത്തിന് മെസ്സി വഴിയൊരുക്കുകയും ചെയ്തു. 

ഇതോടെ താരത്തിന് ഏഴാം ബാലണ്‍ദ്യോര്‍ നല്‍കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാകെ മെസ്സി ആരാധകരുടെ ആഘോഷമാണ്. കളിയിലെ കണക്കുകളും മറ്റും നിരത്തിയാണ് ആരാധകര്‍ മെസ്സിക്ക് ബാലണ്‍ദ്യോര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.

Content Highlights: Lionel Messi Fans demanding seventh Ballon d'Or for Argentine footballer