ചുവപ്പു കാര്‍ഡിന്റെ കണ്ണീരില്‍നിന്ന് കിരീടവിജയത്തിന്റെ മധുരത്തിലേക്കെത്താന്‍ ബ്രസീലിലെ മൈതാനങ്ങളില്‍ അയാള്‍ കളിച്ചുതീര്‍ത്തത് തീപിടിച്ച 630 മിനിറ്റുകളാണ്. ഫുട്ബോളില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന മിശിഹയായിട്ടും മാരക്കാനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മുട്ടുകുത്തിനിന്ന് വിങ്ങിപ്പൊട്ടി. കോപ്പ കിരീടത്തെ കുഞ്ഞിനെപ്പോലെ മാറോടണച്ചു. ഓരോ 90 മിനിറ്റുകളിലും പകര്‍ന്നു നല്‍കിയ കളിയാനന്ദം പറഞ്ഞുപറഞ്ഞു കാലങ്ങളിലേക്ക് കൈമാറുമെങ്കിലും എഴുതപ്പെടുന്ന ചരിത്രത്തില്‍ അയാള്‍ക്ക് ഒരിടം വേണ്ടിയിരുന്നു.

2019 ജൂലായ് ആറിന് സാവോ പൗലോയില്‍ നടന്ന കോപ്പ അമേരിക്കയിലെ ലൂസേഴ്സ് ഫൈനലില്‍ ചിലിക്കെതിരേ കളിയുടെ 37-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് തലതാഴ്ത്തി കളം വിട്ട മെസ്സിയില്‍നിന്ന് കിരീട വിജയിയായ മെസ്സിയിലേക്ക് ഏഴ് കളിദൂരമാണ് അയാള്‍ സഞ്ചരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 630 മിനിറ്റ്. ചുവപ്പുകാര്‍ഡും സസ്‌പെന്‍ഷനും കരിനിഴല്‍ വീഴ്ത്തിയതിന്റെ ഓര്‍മകളോടെയാണ് ഒരിക്കല്‍ കൂടി ബ്രസീലിലേക്ക് കോപ്പ കളിക്കാന്‍ മെസ്സിയും സംഘവും വരുന്നത്. സ്വന്തം നാട്ടില്‍ നടക്കേണ്ട ടൂര്‍ണമെന്റിനെ അവസാന നിമിഷം ബ്രസീലിലേക്ക് പറിച്ചുനട്ടിട്ടും മെസ്സി എതിര്‍ത്തൊന്നും പറഞ്ഞില്ല. പറയാനുള്ളത് കളിയിലൂടെ ഫുട്ബോള്‍ ലോകം കണ്ടു. നാല് ഗോളുകള്‍, അഞ്ച് അസിസ്റ്റുകള്‍. മികച്ച താരവും മികച്ച ഗോള്‍വേട്ടക്കാരനും. അതിനേക്കാളേറെ ടീമിന്റെ നായകനും കളിക്കളത്തിലെ സംഘാടകനും. ഒടുവില്‍ ബ്രസീലിയന്‍ ഫുട്ബോളിന്റെ വികാരമായ മാരക്കാനയില്‍ അവരെ തോല്‍പ്പിച്ചുകൊണ്ടുള്ള കിരീട വിജയം.

കിരീടമില്ലാത്ത 12,465 മിനിറ്റുകളാണ് അര്‍ജന്റീന ജേഴ്സിയില്‍ മെസ്സി പിന്നിട്ടത്. ഓരോ വിജയങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചും തോല്‍വികളില്‍ നിരാശപ്പെട്ടും മുന്നോട്ടുപോയത് ഈയൊരു വിജയത്തിന് വേണ്ടിയായിരുന്നു. ഒരിക്കല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷം തിരിച്ചെത്തിയതുപോലും കിരീടം മെസ്സിയെ വല്ലാതെ മോഹിപ്പിച്ചതു കൊണ്ടാണ്.

Content Highlights: Lionel Messi Copa America 2021 Argentina vs Brazil