ബ്രസീലിയ: കോപ്പ അമേരിക്ക ഫൈനലിന് പിന്നാലെ സങ്കടം സഹിക്കാനാകാതെ കരഞ്ഞ ബ്രസീല്‍ താരം നെയ്മറെ ആശ്വസിപ്പിച്ച് അര്‍ജന്റീനാ താരം ലണയല്‍ മെസ്സി. നെയ്മറെ തോളോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചാണ് മെസ്സി ആശ്വസിപ്പിച്ചത്. ഫൈനലില്‍ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടിയിരുന്നു.

മത്സരശേഷം ഗ്രൗണ്ടില്‍ ആഘോഷിക്കുകയായിരുന്ന അര്‍ജന്റീന ടീമിന് അടുത്തേക്ക് നെയ്മര്‍ വരികയായിരുന്നു. മെസ്സിയെ അന്വേഷിച്ചാണ് നെയ്മര്‍ വന്നത്. നെയ്മറെ കണ്ടയുടനെ ആഘോഷം നിര്‍ത്തി അടുത്തെത്തി മെസ്സി കെട്ടിപ്പിടിച്ചു. ആ സമയത്ത് പരിശീലകനെ ആകാശത്തൊട്ടില്‍ ആട്ടുന്ന തിരക്കിലായിരുന്നു അര്‍ജന്റീനന്‍ ടീം. 

മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിച്ചപ്പോഴുള്ള സൗഹൃദയമായിരുന്നു ആ ആലിംഗനത്തിന് പിന്നില്‍. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

എയ്ഞ്ചല്‍ ഡി മരിയ നേടിയ ഒരൊറ്റ ഗോളിലാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. അര്‍ജന്റീനാ ജഴ്‌സിയില്‍ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

Content Highlights: Lionel Messi Consoles Neymar After Brazil Lose Copa America 2021 Final Give Friendship Goals