ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യയിലുള്ളവര്‍ക്ക് കഴിഞ്ഞ ഒരു മാസമായി ഉറക്കമില്ലാത്ത രാവുകളാണ്. ഒരു വശത്ത് യൂറോ കപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മറുവശത്ത് കോപ്പ അമേരിക്ക മത്സരങ്ങള്‍ക്ക് കിക്കോഫ് ആകുകയും ചെയ്യും. 

രണ്ടു ടൂര്‍ണമെന്റും അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിത്തുടങ്ങുകയാണ്. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി പൂര്‍ത്തിയാകുന്നതോടെ ഫൈനലിസ്റ്റുകളെ അറിയാം. ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത് കോപ്പ അമേരിക്ക ഫൈനലിലേക്കാണ്. അവിടെ ബ്രസീല്‍ - അര്‍ജന്റീന സ്വപ്ന ഫൈനലിന് കളമൊരുങ്ങുകയാണ്. 

ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന കൊളംബിയയുമായി ഏറ്റുമുട്ടുന്നതോടെ ഫൈനല്‍ ചിത്രം തെളിയും.

മറ്റൊരു ബ്രസീല്‍ - അര്‍ജന്റീന സ്വപ്ന ഫൈനലിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 

ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ 1916-ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താല്‍ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അര്‍ജന്റീനയും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും. 

അവസാനമായി ഏറ്റുമുട്ടിയത് 2007-ല്‍ ആയിരുന്നു. അന്ന് റോബര്‍ട്ടോ അയാളയും റിക്വെല്‍മിയും ലയണല്‍ മെസ്സിയുമെല്ലാം അടങ്ങിയ അര്‍ജന്റീന സംഘത്തെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കിരീടവുമായി മടങ്ങിയത്. അതിന്റെ തൊട്ടുമുമ്പ് നടന്ന് ടൂര്‍ണമെന്റ് ഫൈനലിലും (2004) ബ്രസീലും അര്‍ജന്റീനയും തമ്മിലായിരുന്ന കലാശപ്പോരാട്ടം. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഞ്ഞപ്പട ജയിച്ചുകയറി. 

എന്നാല്‍ ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളില്‍ ആധിപത്യം അര്‍ജന്റീനയ്ക്കാണ്. ഇരുവരും ഏറ്റുമുട്ടിയ 1921, 1925, 1937, 1945, 1957, 1959, 1991 ഫൈനലുകളില്‍ അര്‍ജന്റീനയ്ക്കായിരുന്നു വിജയം. 

ഫുട്‌ബോളിലെ പകരം വെയ്ക്കാനില്ലാത്ത ഇരു ടീമുകളുടെയും ആരാധകര്‍ കാത്തിരിക്കുകയാണ് 14 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ബ്രസീല്‍ - അര്‍ജന്റീന ഫൈനല്‍ സംഭവിക്കുമോ എന്നറിയാന്‍.

Content Highlights: It may be Brazil vs Argentina Final in Copa America 2021