കൊളംബിയക്കെതിരായ സെമി ഫൈനലില്‍ നിശ്ചിത സമയത്തിനുശേഷം റഫറി  ഷൂട്ടൗട്ടിലേക്ക്‌ വിരൽ ചൂണ്ടിയപ്പോൾ ഒരു കോപയെങ്കിലും നേടാതെ കരിയർ അവസാനിക്കേണ്ടി വരുമോ എന്ന ദു:സ്വപ്നത്തിലേക്ക് ലയണൽ മെസ്സി വഴുതിവീഴാൻ തുടങ്ങിയിരുന്നു. നെഞ്ചിടിച്ചും കാലുകൾ കൂട്ടിമുട്ടിയും മാത്രം സമ്മർദ്ദമേറ്റുന്ന സമയങ്ങൾ നേരിട്ട് നിരാശയിലേക്ക് വീഴുന്ന ചരിത്രം പറയാനുള്ള അർജന്റീന എന്ന ടീമിൽ നിന്ന് മെസ്സിക്കും മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ. എന്നാൽ കിണറ്റിൽ നിന്ന് കോരിയെടുത്ത തണുത്ത വെള്ളം തലയിലൊഴിക്കുന്നതുപോലെ എമിലിയാനൊ മാർട്ടിനെസ് എന്ന ഗോൾകീപ്പറുടെ മൂന്നു സേവുകൾ മെസ്സിയെ ദു:സ്വപ്നത്തിൽ നിന്നുണർത്തി. കോപ്പ അമേരിക്കയുടെ ഫൈനൽ എന്ന സ്വർഗ കവാടം എമിലിയാനോ മാർട്ടിനെസ് മെസ്സിക്കും അർജന്റീന ടീമിനും ആരാധകർക്കും തുറന്നുകൊടുത്തു. മെസ്സിക്കും അർജന്റീനക്കുംവേണ്ടി വീണ്ടും ഉറക്കമൊഴിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന പ്രകടനം.

അർജന്റീന ടീമിന്റെ സെക്കന്റ് ചോയ്സ് ഗോൾകീപ്പർ മാത്രമായിരുന്നു എമിലിയാനൊ മാർട്ടിനെസ് എന്ന 28-കാരൻ. കോപ്പ അമേരിക്കാ ടീമിൽ ഫസ്റ്റ് ഗോൾകീപ്പറായി ഫ്രാങ്കോ അർമാനി എന്ന പരിചയസമ്പന്നനുണ്ടായിരുന്നു. എന്നാൽ പരിശീലകൻ ലയണൽ സ്കലോനിക്ക് വിശ്വാസം മാർട്ടിനെസിൽ ആയിരുന്നു. 10 വർഷത്തെ ഇടവേളക്ക് ശേഷം അർജന്റീനയുടെ പോസ്റ്റ് കാത്ത മാർട്ടിനെസ് സ്കലോനിയുടെ വിശ്വാസം തെറ്റിച്ചില്ല.

2011-ൽ നൈജീരിയക്കെതിരായ മത്സരത്തിൽ ആദ്യമായി ദേശീയ ജഴ്സി അണിഞ്ഞ താരം പിന്നീട് 2021-ലാണ് അർജന്റീനയ്ക്കായി ഒരു മത്സരം കളിക്കുന്നത്. 2022 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ 2021 ജൂണിൽ ചിലിക്കെതിരേ ആയിരുന്നു ആ മത്സരം. അതിനുശേഷം സ്കലോനി മാർട്ടിനെസിനെ കൂടെ കൂട്ടി.

ആദ്യമായി ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ഗോൾവല കാക്കുന്നു എന്ന പരിഭ്രമമൊന്നുമില്ലാതെ നിശ്ചയദാർഢ്യത്തോടെ 28-കാരൻ കൊളംബിയയുടെ മൂന്നു പെനാൽറ്റി കിക്കുകൾ തടുത്തിട്ടു. ഡാവിൻഡസൺ സാഞ്ചസും യെറി മിനയും എഡ്വിൻ കാർഡോണയും അടിച്ച പന്തുകൾ ജഡ്ജ് ചെയ്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തന്നെ ഡൈവ് ചെയ്ത് മാർട്ടിനെസ് കൈപ്പിടിയിലൊതുക്കി. ഓരോ സേവും അയാൾ ആഘോഷിച്ചു. കണ്ണുകളിൽ ഭയത്തിനു പകരം വിജയിക്കണമെന്ന വാശിയാണ് കണ്ടത്. ആ വാശി തന്നെ വിജയിച്ചു.

ക്ലബ്ബ് കരിയറിന്റെ തുടക്കത്തിലും മനോഹരമായ അനുഭവങ്ങളൊന്നും പറയാനില്ലാത്ത താരമാണ് മാർട്ടിനെസ്. 2008-ൽ അർജന്റീനൻ ക്ലബ്ബ് അത്ലറ്റിക്കോ ഇന്റിപെന്റെയ്നെറ്റിലൂടെ കളി തുടങ്ങിയ താരം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണലിലെത്തി. എന്നാൽ ലണ്ടനിൽ താഴെ തട്ടിലുള്ള ക്ലബ്ബുകളിൽ വായ്പാ അടിസ്ഥാനത്തിൽ കളിക്കാനായിരുന്നു വിധി. മെയ് 2012-ൽ ഓക്സ്ഫോർഡ് യുണൈറ്റഡിനായി പോർട്ട് വെയ്ലിനെതിരായ മത്സരത്തിലാണ് മാർട്ടിനെസ് പ്രീമിയർ ലീഗിൽ അരങ്ങേറിയത്. പിന്നീട് ഷെഫീൽഡ് വെഡ്നെസ്ഡേ, റോതർഹാം യുണൈറ്റഡ്, വോൾവെർഹാംപ്റ്റൺ വാണ്ടററേഴ്സ്, റീഡിങ് തുടങ്ങിയ ക്ലബ്ബുകളിൽ മാറിമാറി കളിച്ചു. സ്പാനിഷ് ക്ലബ്ബ് ഗെറ്റാഫയിലും ഭാഗ്യം പരീക്ഷിച്ചു.

മാർട്ടിനെസിന്റെ കരിയറിലെ വഴിത്തിരിവ് വന്നത് 2019-2020 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലായിരുന്നു. ആഴ്സണലിന്റെ ബെർൻഡ് ലെനോയ്ക്ക് പരിക്കേറ്റതോടെ മാർട്ടിനെസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറി. അതിനുശേഷം ആഴ്സണലിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി താരം വളർന്നു. ഗോൾപോസ്റ്റിന് മുന്നിലുള്ള നിശ്ചയദാർഢ്യം തന്നെയായിരുന്നു മാർട്ടിനെസിന്റെ മുതൽക്കൂട്ട്. ആ വർഷം വെംബ്ലിയിൽ നടന്ന എഫ്എ കപ്പ് ഫൈനലിൽ ചെൽസിയെ ഒരൊറ്റ ഗോളിന് തോൽപ്പിച്ച് ആഴ്സണൽ കിരീടമുയർത്തിയപ്പോൾ നിർണായകമായത് മാർട്ടിനെസിന്റെ പ്രകടനമായിരുന്നു.

അടുത്ത സീസണിൽ ആസ്റ്റൺവില്ല മാർട്ടിനെസിനെ സ്വന്തമാക്കി. 206 കോടി രൂപയ്ക്ക് നാല് വർഷത്തേയ്ക്ക് ആയിരുന്നു കരാർ. ആദ്യ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് എന്ന ക്ലബ്ബ് റെക്കോഡ് താരം തകർത്തു. ഒപ്പം ആസ്റ്റൺ വില്ല സപ്പോർട്ടേഴ്സ് പ്ലെയർ ഓഫ് ദ സീസൺ അവാർഡും നേടി.

Content Highlights: Emiliano Martinez Euro Cup 2020 Semi Final Argentina vs Colombia