ബ്രസീലിയ: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുറഗ്വായെ തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയന്‍ ടീമിന്റെ വിജയം. യുറഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് ടീമിനെ സെമിയിലെത്തിച്ചത്. 

നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായതോടെയാണ് വിജയിയെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. കൊളംബിയക്കായി ഡുവാന്‍ സപാറ്റ, സാഞ്ചെസ്, യെരി മിന, മിഗ്വെല്‍ ബോര്‍ഹ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ യുറഗ്വായ് താരങ്ങളായ ജോസ് മരിയ ഗിമ്മെനസിന്റെയും മത്തിയാസ് വിനയുടെയും കിക്കുകള്‍ തടഞ്ഞിട്ട് ഒസ്പിന കൊളംബിയയുടെ സെമി ബര്‍ത്ത് ഉറപ്പിച്ചു. കവാനി, സുവാരസ് എന്നിവര്‍ക്ക് മാത്രമാണ് ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്കായി സ്‌കോര്‍ ചെയ്യാനായത്. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും കാര്യമായ ഗോളവസരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ചില്ല. ഇരു ഭാഗത്തു നിന്നും ഏതാനും മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

37-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഡുവാന്‍ സപാറ്റയുടെ മുന്നേറ്റം ഡിയെഗോ ഗോഡിന്‍ തടഞ്ഞു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച മികച്ച അവസരം ലൂയിസ് മുറിയലിന് മുതലാക്കാനും സാധിച്ചില്ല.

വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമും ആക്രമിച്ച് കളിക്കാനാരംഭിച്ചത്. രണ്ടാം പകുതി ആരംഭിച്ചത് തന്നെ കൊളംബിയന്‍ മുന്നേറ്റത്തോടെയായിരുന്നു. പിന്നാലെ യുറഗ്വായ് പന്തിന്‍മേലും ആക്രമണത്തിലും ആധിപത്യം ഏറ്റെടുത്തു. 

50-ാം മിനിറ്റില്‍ നാന്റെസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന തടഞ്ഞു. 57-ാം മിനിറ്റില്‍ അരാസ്‌കയെറ്റയുടെ ഷോട്ടും ഒസ്പിന തട്ടിയകറ്റി. 59-ാം മിനിറ്റില്‍ ലഭിച്ച അവസരം ലൂയിസ് സുവാരസിനും മുതലാക്കാനായില്ല.

എന്നാല്‍ 73-ാം മിനിറ്റില്‍ കൊളംബിയക്കാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ഡുവാന്‍ സപാറ്റയുടെ ഗോളെന്നുറച്ച ഹെഡര്‍ യുറഗ്വായ് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേര അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Copa America 2021 Uruguay vs Colombia quarter final Live Updates