സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ യുറഗ്വായ് - ചിലി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല.

മത്സരത്തിന്റെ 26-ാം മിനിറ്റില്‍ എഡ്വാര്‍ഡോ വാര്‍ഗാസ് നേടിയ ഗോളില്‍ ചിലിയാണ് ആദ്യം മുന്നിലെത്തിയത്. ബെന്‍ ബ്രെരട്ടണുമൊത്തുള്ള വാര്‍ഗാസിന്റെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പോസ്റ്റിന്റെ വലതുഭാഗത്തു നിന്നുള്ള വാര്‍ഗാസിന്റെ ഷോട്ട് മുസ്ലേരയ്ക്ക് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തി.

66-ാം മിനിറ്റില്‍ യൂയിസ് സുവാരസിലൂടെയാണ് യുറഗ്വായ് ഗോള്‍ മടക്കിയത്. പകരക്കാരനായി ഇറങ്ങിയ ഫകുണ്ടോ ടോറസെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു യുറഗ്വായുടെ ഗോള്‍. ബോക്സില്‍ വെച്ച് വെസിനോ ഹെഡ് ചെയ്ത പന്ത് സുവാരസ് വലയിലെത്തിക്കുകയായിരുന്നു. ഇത് ചിലി താരം ആര്‍തുറോ വിദാലിന്റെ സെല്‍ഫ് ഗോളാണെന്ന സംശയം ഉയര്‍ന്നെങ്കിലും സുവാരസിന്റെ പേരില്‍ തന്നെ ഗോള്‍ അനുവദിക്കപ്പെടുകയായിരുന്നു. 

ജയത്തോടെ ഗ്രൂപ്പ് എയില്‍ അഞ്ചു പോയന്റുമായി ചിലി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു തോല്‍വിയും ഒരു സമനിലയുമായി യുറഗ്വായ് നാലാം സ്ഥാനത്താണ്. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Copa America 2021 Uruguay vs Chile Live Updates