റിയോ ഡി ജനൈറോ: ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍. 49-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ബ്രസീലിനായി. സെമിയില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളികള്‍.

ലുകാസ് പക്വേറ്റയാണ് മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍ ആദ്യപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ ബ്രസീലിന് സാധിച്ചില്ല. 

22-ാം മിനിറ്റില്‍ നെയ്മറുടെ ക്രോസില്‍ നിന്ന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം റോബര്‍ട്ടോ ഫിര്‍മിനോ നഷ്ടപ്പെടുത്തി.

പിന്നാലെ 27-ാം മിനിറ്റില്‍ ചിലിക്കും അവസരം ലഭിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ എഡ്വാര്‍ഡോ വാര്‍ഗാസിന്റെ ഷോട്ട് ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ മോറെസ് രക്ഷപ്പെടുത്തി. 37-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യുസിന്റെ ക്രോസില്‍ നിന്നുള്ള നെയ്മറുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു. 43-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിന്റെ ഷോട്ട് ചിലി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് പകരം ലുകാസ് പക്വേറ്റയെ ഇറക്കിയ കോച്ച് ടിറ്റെയുടെ നീക്കം പെട്ടെന്നു തന്നെ ഫലം കണ്ടു. 47-ാം മിനിറ്റില്‍ നെയ്മറുമൊന്നിച്ചുള്ള ഒരു മുന്നേറ്റത്തിനൊടുവില്‍ പക്വേറ്റ പന്ത് വലയിലെത്തിച്ചു. 

പക്ഷേ ഗോളിന് തൊട്ടുപിന്നാലെ ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ബ്രസീലിനെ പ്രതിരോധത്തിലാക്കി. യുജെനിയോ മെനയ്ക്ക് എതിരായ അപകടകരമായ ഫൗളിനെ തുടര്‍ന്നാണ് റഫറി ജെസ്യൂസിനെതിരേ നേരിട്ട് ചുവപ്പു കാര്‍ഡ് പുറത്തെടുത്തത്.

10 പേരായി ചുരുങ്ങിയ ബ്രസീല്‍ നിരയ്‌ക്കെതിരേ ചിലി പിന്നീട് ആക്രമണങ്ങള്‍ ശക്തമാക്കി. 69-ാം മിനിറ്റില്‍ ബെന്‍ ബ്രെരട്ടന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിന് രക്ഷയായി. 78-ാം മിനിറ്റില്‍ വാര്‍ഗാസിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ മോറെസും ടീമിനെ കാത്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Copa America 2021 Brazil vs Chile quarter final Live Updates