മാറ്റോ ഗ്രോസ്സോ: കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ കീഴടക്കി ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി കൊളംബിയ. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തു.

ആദ്യം തൊട്ട് ആക്രമിച്ചുകളിച്ച കൊളംബിയ മത്സരം തുടങ്ങി ഒരു മിനിട്ട് പിന്നിടുമ്പോഴേക്കും ആദ്യ കോര്‍ണര്‍ സ്വന്തമാക്കി. സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് ടീമില്‍ ഇടം നേടിയില്ല. കൊളംബിയയ്ക്ക് പിന്നാലെ ഇക്വഡോറും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. 

ഏഴാം മിനിട്ടില്‍ ഇക്വഡോറിന്റെ നായകന്‍ വലന്‍സിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല. പിന്നീട് ഇരുടീമുകളുടെയും മുന്നേറ്റ നിരയ്ക്ക് കാര്യമായ ചലനങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിക്കാനായില്ല. 

ഇരുടീമുകളുടെയും പ്രതിരോധനിരയും മധ്യനിരയുമാണ് കളി നിയന്ത്രിച്ചത്. മുന്നേറ്റനിര നിറം മങ്ങി. റോഡ്രിഗസ്സില്ലാത്തത് കൊളംബിയന്‍ മുന്നേറ്റനിരയെ സാരമായി ബാധിച്ചു. 

39-ാം മിനിട്ടില്‍ കൊളംബിയയുടെ മുന്നേറ്റതാരം ബോര്‍ജയുടെ ഹെഡര്‍ ഇക്വഡോര്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നാലെ കൊളംബിയ മത്സരത്തിലെ ആദ്യ ഗോള്‍ നേടി.

മധ്യനിര താരം എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി ഗോള്‍ നേടിയത്. 41-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഫ്രീകിക്കിലൂടെ ലഭിച്ച പാസ് കൃത്യമായി വലയിലെത്തിച്ചാണ് കാര്‍ഡോണ ടീമിന് ലീഡ് സമ്മാനിച്ചത്. ഫ്രീകിക്ക് പാസിങ് ഗെയിമാക്കി മാറ്റിയ കൊളംബിയ ഇക്വഡോര്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോള്‍ നേടി. റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും വി.എ.ആറിലൂടെ പിന്നീട് ഗോള്‍ അനുവദിക്കുകയായിരുന്നു. വൈകാതെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഇക്വഡോര്‍ ഗോള്‍ നേടാനായി കിണഞ്ഞു ശ്രമിച്ചപ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്താനാണ് കൊളംബിയ ശ്രമിച്ചത്. 51-ാം മിനിട്ടില്‍ ഇക്വഡോറിന്റെ എസ്റ്റുപിനിയാന്‍ എടുത്ത ഫ്രീകിക്ക് അത്ഭുതകരമായി തട്ടിയകറ്റി കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്പിന താരമായി. 

ഇക്വഡോറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റ താരം പ്ലാറ്റ രണ്ടുതവണ പരിക്ക് പറ്റിയതുമൂലം 69-ാം മിനിട്ടില്‍ ഗ്രൗണ്ട് വിട്ടതോടെ ഇക്വഡോര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞു. എന്നാലും സമനില ഗോളിനായി ടീം കിണഞ്ഞുശ്രമിച്ചു. പക്ഷേ പാറപോലെ ഉറച്ചുനിന്ന കൊളംബിയന്‍ പ്രതിരോധം ഇക്വഡോറിന് വിലങ്ങുതടിയായി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Colombia vs Ecuador Copa America 2021