റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയ്ക്കെതിരായ ഫൈനലിന് ഒരുങ്ങുന്ന ബ്രസീൽ ടീമിന് തിരിച്ചടി. ചിലിക്കെതിരായ ക്വാർട്ടർ ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ഗബ്രിയേൽ ജെസ്യൂസിന് ഫൈനൽ കളിക്കാനില്ല.

ചിലിക്കെതിരായ മത്സരത്തിന്റെ 48-ാം മിനിറ്റിൽ മെനയെ അപകടകരമായ രീതിയിൽ കുങ്‍ഫു ചലഞ്ച് ചെയ്ത ജെസ്യൂസിനെ രണ്ട് മത്സരങ്ങളിൽ നിന്ന് കോൺമെബോൾ സസ്പെന്റ് ചെയ്തു. സസ്പെൻഷനൊപ്പം 5000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. പാക്വേറ്റയിലൂടെ ബ്രസീൽ ലീഡെടുത്ത് രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴാണ് ജെസ്യൂസ് പുറത്തുപോയത്. 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോളിൽ പ്രതിരോധിച്ച് നിന്ന് ബ്രസീൽ സെമിയിലെത്തുകയായിരുന്നു.

പെറുവിനെതിരായ സെമി ഫൈനലിലും ജെസ്യൂസ് പുറത്താണിരുന്നത്. പകരം എവർട്ടനാണ് ബ്രസീലിനായി കളിച്ചത്. ഇനി മരക്കാനയിൽ ഇന്ത്യൻ സമയം ഞായാറാഴ്ച്ച പുലർച്ചെ 5.30ന് നടക്കുന്ന ഫൈനലിലും താരം പുറത്തിരിക്കും.

Content Highlights: Brazils Gabriel Jesus out of Copa America final due to suspension