ബ്രസീലിയ: ബ്രസീല്‍ സുപ്രീംകോടതിയും പച്ചക്കൊടി കാട്ടിയതോടെ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ന് ബ്രസീല്‍-വെനസ്വേല മത്സരത്തോടെ തുടക്കാമാവും.

കോവിഡ് മഹാമാരിക്കടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനെതിരേ ബ്രസീലില്‍ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ബ്രസീലും അര്‍ജന്റീനയും ഉള്‍പ്പെടെ തെക്കേ അമേരിക്കയിലെ 10 രാജ്യങ്ങളാണ് അണിനിരക്കുന്നത്.

കോവിഡിനെത്തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കൊളംബിയും അര്‍ജന്റീനയും സംയുക്തമായാണ് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡും മറ്റ് പ്രശ്‌നങ്ങളും മൂലം അവര്‍ പിന്‍മാറി. പിന്നീടാണ് ബ്രസീല്‍ ഏറ്റെടുത്തത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. പ്രതിപക്ഷവും ആരോഗ്യവിദഗ്ധരും എതിര്‍ത്തെങ്കിലും ടൂര്‍ണമെന്റ് നടത്തുമെന്ന വാശിയിലായിരുന്നു പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. ഇപ്പോള്‍ കോടതിവിധിയും അദ്ദേഹത്തിന് അനുകൂലമായി.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നിശ്ചയിച്ചതിനെതിരേ കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. 

ഇതോടെയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസ് ലൂയിസ് ഫക്സ് പ്രത്യേക സെഷന്‍ നിശ്ചയിച്ചത്.

Content Highlights: Brazil Supreme Court gives green light to Copa America 2021