കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ സവീജവമായി. ട്രോളുകളും പരിഹാസ പോസ്റ്റുകളും വീഡിയോകളും നിറയുകയാണ് ഓരോ ഗ്രൂപ്പിലും. പന്തയംവെച്ച് തോറ്റതിന്റെ സങ്കടവും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. 

ഇതില്‍ ഏറ്റവും രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അര്‍ജന്റീനാ ആരാധകനായ റൂംമേറ്റിനെ കസേരയെടുത്ത് തല്ലാനൊരുങ്ങുന്ന ബ്രസീല്‍ ആരാധകനായ റൂം മേറ്റിന്റെ വീഡിയോ ആണിത്. അര്‍ജന്റീനാ ആരാധകന്‍ ആഘോഷം തുടങ്ങിയപ്പോള്‍ പ്രകോപിതനായ ബ്രസീല്‍ ആരാധകന്‍ കസേര കൊണ്ട് തല്ലാനോങ്ങുന്നതാണ് വീഡിയോ. പ്രവാസി ഫുട്‌ബോള്‍  ആരാധകരാണ് ഇരുവരും. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ  അര്‍ഷദ് പേരപ്പുറവും അബ്ദുല്‍ ലത്തീഫ് പൊന്നച്ചനുമായിരുന്നു വിഡിയോയില്‍.  ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ്  ഇരുവര്‍ക്കും ജോലി. ' കാക്ക ( ലത്തീഫ് ) ബ്രസീല്‍  ആരാധകനാണ്, എല്ലാ മത്സരങ്ങളും  ഞങ്ങള്‍ ഒരുമിച്ചിരുന്നു  ആവേശപൂര്‍വം  കാണും.  ഇന്നും  അങ്ങനെ തന്നെയായിരുന്നു. പക്ഷേ  ഇത്രേ വൈറല്‍  ആകുമെന്ന് കരുതിയില്ല '- അര്‍ജന്റീനാ ആരാധകനായ അര്‍ഷദ് പറഞ്ഞു.

എന്നാല്‍ ഈ വീഡിയോ ബ്രസീല്‍ ഫാനായ അച്ഛനും അര്‍ജന്റീനാ ഫാന്‍ ആയ മകനും എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 'ബാപ്പ ബ്രസീല്‍ ഫാനും മകന്‍ അര്‍ജന്റീന ഫാനും ആയാല്‍ ഇങ്ങനെയി രിക്കും', 'എന്റെ വീട്ടിലും ഇങ്ങനെയായിരുന്നു' എന്നിങ്ങനെ വിവിധ ക്യാപ്ഷനുകളിലായിരുന്നു വീഡിയോ വന്നത്. 

ബ്രസീല്‍ ആരാധകന്റെ വീട്ടില്‍ നിന്ന് ബിരിയാണി ഉണ്ടാക്കാനായി ആടിനെ കൊണ്ടുപോകുന്ന അര്‍ജന്റീനാ ആരാധകരുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പന്തയത്തില്‍ തോറ്റതോടെയാണ് ബ്രസീല്‍ ആരാധകന് ആടിനെ നഷ്ടമായത്. 

കേരളത്തിലെ പ്രശസ്തരായ വ്യക്തികളും കോപ്പ അമേരിക്ക ഫൈനല്‍ വിജയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടുട്ടുണ്ട്. മെസ്സിയെ സഹതാരങ്ങള്‍ ആകാശത്തൊട്ടിലാട്ടുന്ന ചിത്രം പങ്കുവെച്ച് 'നീലവാനച്ചോലയില്‍' എന്നാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. നമ്മളെ 'അനാവശ്യമായി ചൊറിയാന്‍ വന്നാല്‍ നമ്മളങ്ങ് കേറി മാന്തും' എന്നാണ് മുന്‍ മന്ത്രി എം.എം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.  കളി കാണുന്ന ചിത്രവും എം.എം മണി പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Argentina vs Brazil Copa America 2021 Final Fan Fight