ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരം കളിക്കേണ്ട വെനസ്വേല ടീമിലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് പുതിയ തലവേദന. ആതിഥേയരായ ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം.

കോവിഡ് ബാധിച്ച 12 പേരിൽ ആറു പേരും കളിക്കാരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അനുവദിക്കുന്നതിനാൽ കളി മാറ്റിവെയ്ക്കാൻ സാധ്യതയില്ല. ആർക്കും രോഗലക്ഷണങ്ങളില്ല. എല്ലാവരും ക്വാറന്റീനിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് കാരണം ഒരു വർഷം വൈകിയാണ് കോപ്പ അമേരിക്ക നടക്കുന്നത്. അർജന്റീനയിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ബ്രസീലിലേക്ക് വേദി മാറ്റുകയായിരുന്നു. ബ്രസീലിലും ടൂർണമെന്റ് നടത്തുന്നതിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Content Highlights: 12 covid cases among Venezuela players and staff copa america football