സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് സമനില. വെനസ്വേലയാണ് ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. രണ്ടു തവണ ബ്രസീല്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് കെണിയില്‍ കുരുങ്ങുകയായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗബ്രിയേല്‍ ജീസസ് ലക്ഷ്യം കണ്ടെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഓഫ് സൈഡ് ആയിരുന്നു കാരണം. പിന്നീട് മത്സരത്തിന്റെ അവസാനം കുട്ടിന്യോയുടെ ഗോളും നിഷേധിക്കപ്പെട്ടു. ക്ലോസ് റേഞ്ചിലൂടെ കുട്ടിന്യോ വല ചലിപ്പിച്ചെങ്കിലും വാറില്‍ വിധി വെനസ്വേലയ്‌ക്കൊപ്പം നിന്നു. ഓഫ് സൈഡ് ആയിരുന്നു കാരണം. 

ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീല്‍ കോപ്പ അമേരിക്കയിലെ മത്സരങ്ങള്‍ തുടങ്ങിയത്. അതിനേക്കാള്‍ മികവില്‍ വെനസ്വലേയ്‌ക്കെതിരേ കളിച്ചെങ്കിലും നിര്‍ഭാഗ്യം ബ്രസീലിനൊപ്പം നിന്നു. 

ബോള്‍ പൊസെഷനിലും ഷോട്ടുകളിലുമെല്ലാം വെനസ്വേലയേക്കാള്‍ എത്രയോ മുന്നിലായിരുന്നു ബ്രസീല്‍. 19 ഷോട്ടുകളാണ് അവര്‍ അടിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല. 69% ബോള്‍ പൊസഷനുമുണ്ടായിരുന്നു. രണ്ട് മത്സരങ്ങളില്‍ ഒന്നു വീതം ജയവും തോല്‍വിയുമായി ഗ്രൂപ്പ് എ-യില്‍ ഒന്നാമതാണ് ബ്രസീല്‍. 

Content Highlights: Venezuela holds host Brazil to 0-0 draw at Copa America