സാല്‍വദോര്‍: അലക്‌സി സാഞ്ചസിന്റെ ഗോളില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇക്വഡോറിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ചിലി തോല്‍പ്പിച്ചത്. കണങ്കാലിനേറ്റ പരിക്ക് വകവെയ്ക്കാതെയായിരുന്നു സാഞ്ചസ് ഗോളുമായി തിളങ്ങിയത്. 

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യുന്‍സാലിഡ ചിലിയെ മുന്നിലെത്തിച്ചു. എന്നാല്‍ 26-ാം മിനിറ്റില്‍ ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റിയെടുത്ത എന്നര്‍ വലന്‍സിയക്ക് പിഴച്ചില്ല. ഇതോടെ ഇക്വാഡോറും ചിലിയും ഒപ്പത്തിനൊപ്പമെത്തി. 

പിന്നീട് 51-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിലൂടെ ചിലി വീണ്ടും മുന്നിലെത്തി. ഇത്‌ ചിലിയുടെ വിജയഗോളായി. ജപ്പാനെതിരായ മത്സരത്തിലും സാഞ്ചസ് ഗോള്‍ നേടിയിരുന്നു. 

89-ാം മിനിറ്റില്‍ പ്രതിരോധ താരം ഗബ്രിയേല്‍ അചിലിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചിലിക്ക് കൂടുതല്‍ തിരിച്ചടിയായി. ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിനായിരുന്നു ഗബ്രിയേലിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. 

ഈ തോല്‍വിയോടെ ഇക്വഡോര്‍ കോപ്പ അമേരിക്കയില്‍ നിന്ന് ഏറെക്കുറെ പുറത്തായി. ആദ്യ മത്സരത്തില്‍ യുറഗ്വായോടും ഇക്വഡോര്‍ തോറ്റിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ് ചിലി. 

 

Content Highlights: Sanchez strikes again to take Chile into Copa America Football quarters