റിയോ ഡി ജനീറോ: പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് പെറുവിന് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വിജയം. ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളിന് പരാജയപ്പെടുത്തി. 

വാറിലൂടെ ലഭിച്ച പെനാല്‍റ്റിയില്‍ 28-ാം മിനിറ്റില്‍ മാഴ്‌സെലോ മൊറീനയിലൂടെ ബൊളീവിയ ലീഡെടുത്തു. ആദ്യ പകുതിക്ക് മുമ്പെ പൗലോ ഗുറേറോയിലൂടെ പെറു വല ചലിപ്പിച്ചു. 55-ാം മിനിറ്റില്‍ അടുത്ത ഗോളുമെത്തി. ഗുറേറോയുടെ സഹായത്തോടെ തന്നെയായിരുന്നു രണ്ടാം ഗോളും. ഇടതുവശത്ത് നിന്ന് ഗുറേറോ നല്‍കിയ പന്ത് ക്ലോസ് റേഞ്ച് ഹെഡറിലൂടെ ജെഫേഴ്‌സണ്‍ ഫര്‍ഹാന്‍ വലയിലെത്തിച്ചു. ഇതോടെ പെറു 2-1ന് മുന്നിലെത്തി. 

ഇഞ്ചുറി ടൈമിലായിരുന്നു പെറുവിന്റെ മൂന്നാം ഗോള്‍. സബ്‌സ്റ്റിറ്റിയൂട്ട് സ്‌ട്രൈക്കര്‍ എഡിസന്‍ ഫ്‌ളോറസ് ലക്ഷ്യം കണ്ടു. ഇതോടെ പെറു 3-1ന് വിജയമുറപ്പിച്ചു. നേരത്തെ ആദ്യ മത്സരത്തില്‍ ബ്രസീലിനോട് ബൊളീവിയ തോറ്റിരുന്നു.

Content Highlights: Peru vs Bolivia Copa America Football 2019