പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന മൈതാനത്തെ താരങ്ങളായപ്പോള്‍ ഗാലറിയിലെ താരം ഒരു മൂന്നു വയസുകാരനായിരുന്നു. 

അര്‍ജന്റീനയെ സെമിയിലെത്തിക്കാന്‍ ലയണല്‍ മെസി മൈതാനത്ത് വിശ്രമമില്ലാതെ ഓടിയപ്പോള്‍ ഗാലറിയില്‍ അടങ്ങിയിരിക്കാന്‍ മെസിയുടെ മകന്‍ മാത്തിയോ മെസിയും ഒരുക്കമല്ലായിരുന്നു. മത്സരത്തിനിടെയുള്ള മാത്തിയോയുടെ കുസൃതികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ മാരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ മെസിയുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു.

ഗാലറിയിലെ കസേരകള്‍ക്കു മുകളിലൂടെ നടക്കുകയും ചേട്ടന്‍ തിയാഗോയോട് എന്തോ കുസൃതി കാണിക്കുന്നുമുണ്ട് മാത്തിയോ. അവനെ അടക്കിയിരുത്താന്‍ അമ്മ അന്റൊനെല്ല ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്തതും കാണാം. ഇതിനൊപ്പം സ്റ്റേഡിയത്തില്‍ മുഴങ്ങിയ സംഗീതത്തിനൊപ്പം മാത്തിയോ നൃത്തം ചെയ്യുകയും ചെയ്തു. മെസിയുടെ 10-ാം നമ്പര്‍ അര്‍ജന്റീന ജേഴ്‌സി ധരിച്ചായിരുന്നു മാത്തിയോയുടെ കുസൃതികള്‍. 

അതേസമയം വെനസ്വേലയെ തകര്‍ത്തതോടെ കോപ്പ അമേരിക്ക സെമിയില്‍ ബ്രസീല്‍ - അര്‍ജന്റീന മത്സരത്തിന് കളമൊരുങ്ങി.

Content Highlights: Mateo Messi playing in the stands of the Maracana