സാവോ പോളോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാം സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ലയണല്‍ മെസ്സി രംഗത്ത്. മത്സരത്തിനിടെ 37-ാം മിനിറ്റില്‍ ചിലി താരം ഗാരി മെഡലുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. മെഡലിനും ചുവപ്പ് കാര്‍ഡ് കിട്ടി. ഇതോടെ ഇരുടീമുകളും പത്ത് പേരുമായാണ് പിന്നീട് കളിച്ചത്. എന്നാല്‍ തനിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറിയെ വിമര്‍ശിച്ച മെസ്സി വെങ്കല മെഡല്‍ വാങ്ങാനും തയ്യാറായില്ല.

ചുവപ്പ് കാര്‍ഡ് നല്‍കാന്‍ മാത്രമുള്ള പ്രശ്‌നങ്ങളില്ലായിരുന്നു. ഇതാണ് മെസ്സിയെ ചൊടിപ്പിച്ചത്. ഈ മത്സരത്തിനുള്ളതല്ല ആ ചുവപ്പ് കാര്‍ഡ് എന്നും ബ്രസീലിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ റഫറിയെ വിമര്‍ശിച്ചതിനാണ് തനിക്ക് ഇപ്പോള്‍ ചുവപ്പ് കാര്‍ഡ് നല്‍കിയതെന്നും മെസ്സി ആരോപിക്കുന്നു.  റഫറി മത്സരത്തില്‍ അമിതമായി പ്രതികരിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും മഞ്ഞ കാര്‍ഡ് തരേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. മെസ്സി ചൂണ്ടിക്കാട്ടി.

ബ്രസീലിന് കിരീടം നേടാനുള്ള തരത്തിലുള്ളതാണ് ടൂര്‍ണമെന്റില്‍ നടക്കുന്ന കാര്യങ്ങള്‍. ഫൈനലില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് കരുതാം. റഫറി ഇടപെട്ടാല്‍ പെറുവിന് കാര്യങ്ങള്‍ ദുര്‍ഘടമാകും. മെസ്സി കൂട്ടിച്ചേര്‍ത്തു. 

ലയണല്‍ മെസ്സിയുടെ സീനിയര്‍ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പ് കാര്‍ഡാണിത്. 2005-ല്‍ അര്‍ജന്റീനക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഹംഗറിക്കെതിരേ കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മെസ്സി ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ബാഴ്സലോണക്കായി കളിക്കുമ്പോള്‍ മെസ്സി ഇതുവരെ ഒരൊറ്റ ചുവപ്പ് കാര്‍ഡും വാങ്ങിയിട്ടില്ല.

 

Content Highlights: Lionel Messi furious after Copa America refuses to pick up third place medal