ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് വെനസ്വേല എ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി. 

ഡാര്‍വിന്‍ മാച്ചിസ് വെനസ്വേലയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റില്‍ മാച്ചിസ് നേടിയ ഗോളില്‍ വെനസ്വേലയാണ് ആദ്യം മുന്നിലെത്തിയത്. 55-ാം മിനിറ്റില്‍ മാച്ചിസ് രണ്ടാമതും സ്‌കോര്‍ ചെയ്തു. 86-ാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനസ് വെനസ്വേലയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

82-ാം മിനിറ്റില്‍ ലിയോണല്‍ അരുവാസിന്റെ വകയായിരുന്നു ബൊളീവിയയുടെ ആശ്വാസ ഗോള്‍. മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയന്റ് നേടിയാണ് വെനസ്വേല ക്വാര്‍ട്ടറിലെത്തിയത്.

Content Highlights: copa america venezuela beat bolivia