ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്‌ബോളില്‍ യുറഗ്വായെ സമനിലയില്‍ പിടിച്ച് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. 

25-ാം മിനിറ്റില്‍ കൊജി മിയോഷിയിലൂടെ ജപ്പാനാണ് ലീഡെടുത്തത്. എന്നാല്‍ 32-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ഒരു പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റിയെടുത്ത സുവാരസിന് ലക്ഷ്യം തെറ്റിയില്ല. യുറഗ്വായ് ജപ്പാനെ ഒപ്പം പിടിച്ചു. 

പിന്നീട് 59-ാം മിനിറ്റില്‍ ജപ്പാന്‍ വീണ്ടും ലീഡെടുത്തു. മിയോഷി തന്നെയായിരുന്നു ഗോള്‍ സ്‌കോറര്‍. പക്ഷേ ആ ഗോളിന് ഏഴ് മിനിറ്റേ ആയുസുണ്ടായിരുന്നുള്ളു. 66-ാം മിനിറ്റില്‍ ജോസ് ഗിമ്മെന്‍സിലൂടെ യുറഗ്വായ് സമനില ഗോള്‍ നേടി. 

രണ്ട് മത്സരങ്ങളില്‍ നിന്ന് ഒന്നുവീതം ജയവും സമനിലയുമായി യുറഗ്വായ് ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. ഒരു പോയിന്റുള്ള ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ജപ്പാന്‍ തോറ്റിരുന്നു.

Content Highlights: Copa America Football Uruguay vs Japan