പ്രൊഫഷണൽ ടീമുകളുടെ വിളി കാത്താണ് ബ്രസീലിലെ ഓരോ കുട്ടിയും നിത്യവും ബൂട്ടുകെട്ടുന്നത്. എന്നാൽ, ഞെട്ടുന്നൊരു ഓഫറുമായി വമ്പൻ ക്ലബുകളിലൊന്ന് വന്ന് വിളിച്ചിട്ടും പോകാൻ മടിച്ചൊരു താരമുണ്ട്. കൂട്ടുകാർ സെബൊലിന്യ അഥവാ  ലിറ്റിൽ അണിയൻ എന്ന ചെല്ലപ്പേരു വിളിക്കുന്ന എവർട്ടൺ സോസ സോറസ്. സ്വന്തം മണ്ണായ മാറക്കാനയിൽ, കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെതിരേ ആദ്യ ഗോൾ നേടിയ ബ്രസീലിന്റെ പത്തൊൻപതാം നമ്പർ സ്ട്രൈക്കർ. ബ്രസീലിന്റെ പുതിയ ഹീറോ.

ഫോർട്ടലെസയുടെ അണ്ടർ 17 ടീമിനുവേണ്ടി കളിക്കുന്ന കാലത്ത് 2012ൽ ഗ്രെമിയോയിൽ നിന്നൊരു ഓഫർ വന്നു എവർട്ടണ്. പക്ഷേ, രണ്ടാമതൊന്ന് ആലോചിക്കാതെ എവർട്ടൺ ആ ഓഫർ തള്ളുന്നത് കണ്ട് ഞെട്ടാത്തവരുണ്ടായിരുന്നില്ല ബ്രസീലിൽ. മാറക്കാനയിൽ നിന്ന് 3800 കിലോമീറ്റർ അകലെയുള്ള പോർട്ടോ അലെഗ്രേയിലേയ്ക്ക് പോകാനുള്ള മടിയാണെന്നാണ് പലരും കരുതിയത്. എന്നാൽ, വാസ്തവം അതായിരുന്നില്ല. മാറക്കാനയിലുള്ള കാമുകിയെ വിട്ട് ഇത്രയും അകലെയ്ക്ക് പോകാൻ മടിയായിരുന്നു ഈ സ്ട്രൈക്കർക്ക്. കളിയേക്കാൾ വലുതാണ് കാമുകിയെന്ന് അവൻ സ്വയം അങ്ങ് വിധിച്ചു.

ഫോർട്ടലെസയുടെ അണ്ടർ 17 ടീം കോച്ചായ യോർഗെ വെറാസിന് ഏറെ പണിപ്പെടേണ്ടിവന്നു ഏറയൊന്നും മിണ്ടാത്ത  എവർട്ടന്റെ മനസ്സൊന്ന് മാറ്റാൻ. ഗ്രെമിയോയുടെ മുൻ താരം കൂടിയായ വെറാസാണ് എവർട്ടന്റെ പേര് ശുപാർശ ചെയ്തതുതന്നെ.

വെറാസ് എവർട്ടനോട് പറഞ്ഞു: കാമുകി എത്ര നാൾ വേണമെങ്കിലും നിനക്കുവേണ്ടി കാത്തിരിക്കും. പക്ഷേ, ക്ലബ് അങ്ങനെയല്ല. അവർ കാമുകിയെ പോലെയല്ല. നീയില്ലെങ്കിൽ വേറെ ആളെ എടുക്കും. അവൻ കളിച്ച് വലിയ കാശുകാരനാവും. പിന്നെ നിനക്ക്  അതോർത്ത് ഖേദിക്കേണ്ടിവരും. പിന്നെ നിന്നെ കാത്തിരിക്കാൻ നിന്റെ കാമുകിക്ക്  മനസ്സില്ലെങ്കിൽ അവൾ പോട്ടെ. നിനക്ക് ഇതിനേക്കാൾ നല്ല ഒരു ഇറ്റാലിയൻ അല്ലെങ്കിൽ ജർമൻ സുന്ദരിയെ കിട്ടും'. പാതി കളിയും പാതി കാര്യവുമായ കോച്ചിന്റെ ഉപദേശം അവൻ ചെവിക്കൊണ്ടു. കാമുകിയോട് കാത്തിരിക്കാൻ പറഞ്ഞ് അവൻ പിറ്റേതു തന്നെ പോർട്ടോ അലെഗ്രേയിലേയ്ക്ക് പറന്നു.

പിന്നെ എല്ലാം ചരിത്രം. ആറു കൊല്ലം കൊണ്ട് കഥയാകെ മാറി. ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സെൻസേഷനാണ് ഇന്നീ ഇരുപത്തിമൂന്നുകാരൻ. 2017ൽ ഗ്രെമിയോയ്ക്ക് കോപ്പ ലിൾർട്ടഡോർസ് കിരീടം നേടിക്കൊടുത്തു. ഇപ്പോഴിതാ ബ്രസീലിയ് പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോപ്പ അമേരിക്ക കിരീടവും. പ്രാഥമിക റൗണ്ടിൽ എണ്ണം പറഞ്ഞൊരു ഗോൾ നേടി പെറുവിനെ തകർത്ത് പ്ലെയർ ഓഫ് ദി മാച്ചായ എർട്ടന്റെ വകയായിരുന്നു ഫൈനലിലെ ആദ്യ ഗോളും.

ചെറുപ്പകാലത്ത് ക്ലബിലേയ്ക്ക് ആറു കിലോമീറ്റർ സൈക്കിൾ ചവിട്ടിവന്നൊരു കഠന യാതനയുടെ കഥയുണ്ട് കോപ്പ ഫൈനലിൽ ആറു വാര അകലെ നിന്ന് പെറുവിന്റെ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ച എവർട്ടന്. ബൊളിവിയയ്ക്കും പെറുവിനുമെതിരേ ഗോൾ നേടിയപ്പോൾ ടീമംഗം ഫിലിപ്പെ ലൂയിസ് പറഞ്ഞ ഒരു വാചകമുണ്ട് എവർട്ടൺ യൂറോപ്പിൽ കളിക്കാൻ പാകപ്പെട്ടുകഴിഞ്ഞു. ഞാറയറാഴ്ചയോടെ ഒരു ദേശീയ ഹീറോയാകാൻ അവന് കഴിയും. ലൂയിസിന്റെ വാക്ക് പോന്നായി. കലാശപ്പോരിലെ പതിനഞ്ചാം മിനിറ്റിൽ പെറുവിന്റെ വലയിലേയ്ക്ക് പാഞ്ഞ ഗോളിനുശേഷം എവർട്ടന്റെ ജാതകം മാറിയിരിക്കുന്നു. 30 ദശലക്ഷം യൂറോയുമായി മാഞ്ചസ്റ്റർ സിറ്റി വട്ടമിട്ട് പറക്കുന്നുണ്ട് ഈ സ്ട്രൈക്കർക്ക് ചുറ്റും. യുണൈറ്റഡും ബറൂസ്യയും മിലാനും ബയറൺ മ്യൂണിക്കുമെല്ലാം എവർട്ടണുവേണ്ടിയുള്ള ക്യൂവിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.

കാർട്ടൂൺ കഥാപാത്രമായ സെബൊലിന്യയുടെ ഹെയർസ്റ്റൈലിന്റെ മാതൃകയിൽ മുടിമിനുക്കുന്നതുകൊണ്ടാണ് രസകരമായ വിളിപ്പേര് എവർട്ടന് ലഭിച്ചത്. ഹെയസ്റ്റൈലിന്റെ കാര്യത്തിൽ മാത്രമല്ല, കളിശൈലിയുടെ കാര്യത്തിലും വേറിട്ടവഴിയാണ് എവർട്ടന്റേത്. പുറത്ത് നാണംകുണുങ്ങിയും അന്തർമുഖനും മൗനിയുമാണെങ്കിലും കളത്തിലിറങ്ങിയാൽ ആള് മാറും. പേടി എന്തെന്നറിയാതെ, ഏത് ഉറച്ച  പ്രതിരോധത്തെയും പിളർത്തുന്ന ഡ്രിബിളിങ്ങുമാണ് എവർട്ടന്റെ ശൈലി. എതിർ ഡിഫൻഡർമാർക്ക് ഒരു നിതാന്തശല്ല്യക്കാരൻ.

Content Highlights: Copa America Football Soccer Brazil Everton