റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരുന്ന സെമിഫൈനലിന് കളമൊരുങ്ങി. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. ഇനി പോരാട്ടം ബ്രസീലും അര്‍ജന്റീനയും തമ്മില്‍. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച രാവിലെ ആറു മണിക്കാണ് ഈ സ്വപ്‌ന സെമി.

10-ാം മിനിറ്റില്‍ ലൗട്ടാറൊ മാര്‍ട്ടിനെസിലൂടെ മുന്നിലെത്തിയ അര്‍ജന്റീനക്കായി 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയും വല ചലിപ്പിച്ചു. ലയണല്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍.  മാര്‍ട്ടിനെസിന് പന്ത് വലയിലേക്ക് ഒന്ന് ഫ്‌ളിക്ക് ചെയ്യേണ്ടിയേ വന്നുള്ളു. ഖത്തറിനെതിരേയും മാര്‍ട്ടിനെസ് ഗോള്‍ നേടിയിരുന്നു. കോപ്പ അമേരിക്കയില്‍ മാര്‍ട്ടിനെസിന്റെ രണ്ടാം ഗോളാണിത്. 

പിന്നീട് രണ്ടാം പകുതിയില്‍ വെനസ്വേല പ്രതിരോധത്തിന്റെ വിള്ളല്‍ മുതലെടുത്തായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. ഡി പോള്‍ നല്‍കിയ പാസില്‍ ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടു. ബോക്‌സിലേക്ക് ഓടിക്കയറിയെ സെല്‍സോയ്ക്ക ഈ പന്തില്‍ ഒന്നു തൊട്ടുകൊടുക്കേണ്ട ജോലിയേ ഉണ്ടായുള്ളു. 68-ാം മിനിറ്റില്‍ അക്യൂനയ്ക്ക് പകരം സെല്‍സോയെ ഇറക്കിയത് വെറുതെയായില്ല. അര്‍ജന്റീന 2-0 വെനസ്വേല. 

Giovani Lo Celso
സെല്‍സോയുടെ ഗോളാഘോഷം   ഫോട്ടോ: ട്വിറ്റര്‍

മാര്‍ട്ടിനെസിനെ മുന്നില്‍ നിര്‍ത്തി കളിച്ച അര്‍ജന്റീന തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ച്ചവെച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പലപ്പോഴും മെസ്സി ഒരുക്കികൊടുത്ത അവസരം ഫിനിഷിങ്ങിന്റെ പോരായ്മയില്‍ ഗോളായി മാറിയില്ല. 

ഒടുവില്‍ പത്താം മിനിറ്റില്‍ മാര്‍ട്ടിനെസ് രക്ഷകനാകുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും അര്‍ജന്റീനക്ക് ഒരു സുവര്‍ണാവസരം ലഭിച്ചു. പക്ഷേ അതും വിഫലമായി. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാര്‍ട്ടിനെസിന് ഒരു സുവര്‍ണാവസരം ലഭിച്ചു. പക്ഷേ പന്ത് പോസ്റ്റില്‍ തട്ടി പുറത്തു പോയി. 63-ാം മിനിറ്റില്‍ മാര്‍ട്ടിനെസിനെ മാറ്റി പകരം എയ്ഞ്ചല്‍ ഡി മരിയയെ കളത്തിലിറക്കി. പിന്നീട് അര്‍ജന്റീന പ്രതിരോധക്കളി പുറത്തെടുത്തു. 70-ാം മിനിറ്റില്‍ വെനസ്വേലയുടെ ഒരു സൂപ്പര്‍ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി സേവ് ചെയ്യുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ വെനസ്വേല പ്രതിരോധത്തിന്റേയും ഗോള്‍കീപ്പറുടേയും പിഴവില്‍ നിന്ന് സെല്‍സോ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി. 

2008 ബെയ്ജിങ് ഒളിമ്പിക്‌സ് സെമിഫൈനലിലാണ്അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. കോപ്പ അമേരിക്കയില്‍ അവസാനം ഏറ്റുമുട്ടിയത് 2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലാണ്. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 3-0ത്തിന് പരാജയപ്പെട്ടു. 

 

Content Highlights: Copa America Football Argentina vs Venezuela