മിനെയ്‌റോ: കോപ്പ അമേരിക്കയിലെ നിര്‍ണായക മത്സരത്തില്‍ പരാഗ്വെയോട് സമനിലയില്‍ പിരിഞ്ഞ് അര്‍ജന്റീന. വാര്‍ അനുവദിച്ച പെനാല്‍റ്റിയും ഗോള്‍കീപ്പര്‍ അര്‍മാനി രക്ഷപ്പെടുത്തിയ പെനാല്‍റ്റിയുമാണ് അര്‍ജന്റീനക്ക് സമനില നേടിക്കൊടുത്തത്. 

ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റ ടീമില്‍ നിന്ന് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. അഗ്യൂറയേയും എയ്ഞ്ചല്‍ ഡി മരിയയേയും പുറത്തിരുത്തി കളി തുടങ്ങിയെങ്കിലും ആക്രമണം പതുക്കെയായിരുന്നു. 

എന്നാല്‍ 37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാന്റസിലൂടെ പരാഗ്വെ ലീഡെടുത്തു. ന്യൂകാസില്‍ താരം മിഗ്വെയ്ല്‍ അല്‍മിറോന്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ പന്ത് സാന്റസ് മനോഹരമായി ഫിനിഷ് ചെയ്തു. പരാഗ്വെ 1-0 അര്‍ജന്റീന.

lionel messi
Photo: Twitter

പിന്നീട് രണ്ടാം പകുതിയില്‍ അഗ്യൂറോയെ ഇറക്കി അര്‍ജന്റീന കളി തുടര്‍ന്നു. പക്ഷേ മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഒടുവില്‍ 57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കണ്ടെത്തുകയായിരുന്നു. ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് വാറിലൂടെ അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പരാഗ്വെ താരം പിരിസിന്റെ കൈയില്‍ പന്ത് തട്ടി എന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. പിരിസിന് മഞ്ഞക്കാര്‍ഡും കിട്ടി. പെനാല്‍റ്റിയെടുത്ത മെസ്സിക്ക് പിഴച്ചില്ല. പരാഗ്വെ 1-1 അര്‍ജന്റീന.

പിന്നീട് 69-ാം മിനിറ്റില്‍ മാര്‍ട്ടിനെസിനെ മാറ്റി എയ്ഞ്ചല്‍ ഡി മരിയയെ അര്‍ജന്റീന കളത്തിലിറക്കി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. ഇതിനിടയില്‍ ടാഗ്‌ളിയാഫികോയ്ക്കും ഒട്ടമെന്റിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 85-ാം മിനിറ്റിലായിരുന്നു ഒട്ടമെന്‍ഡി മഞ്ഞക്കാര്‍ഡ് വാങ്ങിയത്. ഈ ഫൗളില്‍ പരാഗ്വെയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ പെനാല്‍റ്റി എടുത്ത ഡെര്‍ലിസ് ഗോണ്‍സാലസിന്റെ ശ്രമം അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി രക്ഷപ്പെടുത്തി. ഏഴ് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ആ അവസരവും അര്‍ജന്റീനക്കും പരാഗ്വെയ്ക്കും ഉപയോഗപ്പെടുത്താനായില്ല.

ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. രണ്ട് പോയിന്റുള്ള പരാഗ്വെ രണ്ടാമതാണ്. ആദ്യ മത്സരത്തില്‍ പരാഗ്വെ ഖത്തറുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. അതേസമയം കൊളംബിയയോട് തോറ്റാണ് അര്‍ജന്റീന ടൂര്‍ണമെന്റ് തുടങ്ങിയത്.

 

Content Highlights: Copa America Football Argentina vs Paraguay