റിയോ ഡി ജനീറോ: മാറക്കാനയുടെ മനമുരുകിയ പ്രാർഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി. കലാശപ്പോരിൽ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ആതിഥേയർ സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിയുന്നത്. ഒന്നാം പകുതിയിൽ 2-1 എന്ന സ്കോറിൽ മുന്നിലായിരുന്നു ബ്രസീൽ.
കളിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ബ്രസീൽ പതിനഞ്ചാം മിനിറ്റിൽ എവർട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. ഗബ്രിയൽ ജീസസിന്റേതായിരുന്നു എണ്ണം പറഞ്ഞ പാസ്. വലതു പാർശ്വത്തിൽ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് കൊടുത്ത നീളൻ ക്രോസാണ് ഗോളിന് വഴിവച്ചത്. പോസ്റ്റിന് മുന്നിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന് എവർട്ടണ് ഓപ്പൺ പോസ്റ്റിലേയ്ക്ക് പന്ത് ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടിയിരുന്നുള്ളൂ.
44-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ഗ്വരേരോ പെറുവിനെ ഒപ്പമെത്തിച്ചു. പെനാൽറ്റിയിലൂടെ. ബോക്സിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടെ വീണു പോയ തിയാഗോ സിൽവയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്നാണ് പെനാൽറ്റി വിധിക്കപ്പെട്ടത്. സംശയിച്ച് റഫറി വാറിന്റെ സഹായത്തോടെയാണ് പെനാൽറ്റി തന്നെ എന്നുറപ്പിച്ചത്. കിക്കെടുത്ത ഗ്വരെരോയ്ക്ക് പിഴച്ചില്ല. വലത്തോട്ട് ചാടി അലിസണെ കബളിപ്പിച്ച് പന്ത് മറുഭാഗത്തേയ്ക്ക് തട്ടിയിട്ടു. ബ്രസീലിനെയും മാറക്കാനയെയും ഞെട്ടിച്ചുകൊണ്ട് പെറു ഒപ്പത്തിനൊപ്പം (1-1).
എന്നാൽ, വിട്ടുകൊടുക്കാൻ ബ്രസീൽ ഒരുക്കമായിരുന്നില്ല. അടുത്ത മിനിറ്റിൽ തന്നെ ഈ ഗോളിന് അവർ പകരംവീട്ടി. മധ്യനിരയിൽ നിന്ന് പന്തുമായി മുന്നേറിയ ആർതർ നാല് പെറു പ്രതിരോധക്കാരെ തന്നിലേയ്ക്ക് ആകർഷിച്ചശേഷമാണ് ബോക്സിന്റെ തൊട്ടുമുകളിൽ നിന്ന് ഉള്ളിലേയ്ക്ക് പന്ത് ജീസസിന് ചിപ്പ് ചെയ്തുകൊടുക്കുന്നത്. ഓടിക്കൂടിയ മൂന്ന് പെറുവിയൻ താരങ്ങൾക്കിടയിലൂടെ വലയിലേയ്ക്ക് നിറയൊഴിക്കുമ്പോൾ ജീസസിന് പിഴച്ചില്ല. ലീഡ് തിരിച്ചുപിടിച്ച ആശ്വാസത്തിലാണ് മഞ്ഞപ്പട പകുതി സമയത്ത് ഡ്രസ്സിങ് റൂമിലേയ്ക്ക് മടങ്ങിയത്.
എന്നാൽ, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഗബ്രിയൽ ജീസസ് ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇക്കുറി ആർതറുടെ വകയായിരുന്നു തളികയിലെന്നോണമുള്ള പാസ്. എന്നാൽ, അറുപത്തിയൊൻപതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ജീസസ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് ബ്രസീൽ കിരീടനേട്ടത്തോടെ കളി അവസാനിപ്പിച്ചത്. രണ്ടാം മഞ്ഞ കണ്ടതാണ് ബ്രസീലിയൻ ആക്രമണത്തിന്റെ നെടുന്തൂണായിരുന്ന ജീസസിന് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. തൊണ്ണൂറാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരൻ റിച്ചാർലിസൺ ബ്രസീലിന്റെ ജയം ഉറപ്പിച്ചു. പന്തുമായി പെറു ബോക്സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ എവർട്ടണെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് 77-ാം മിനിറ്റിൽ ഫർമിന്യോയ്ക്ക് പകരം ഇറങ്ങിയ റിച്ചാർലിസൺ വലയിലാക്കിയത്.
പന്ത്രണ്ട് വർഷത്തിനുശേഷമാണ് ബ്രസീൽ കോപ്പയിൽ ചാമ്പ്യന്മാരാകുന്നത്. 2007ലാണ് അവർ അവസാനമായി കിരീടം ചൂടിയത്. 1999, 22, 49, 89, 97, 99, 2004 വർഷങ്ങളിലും അവർ കിരീടം നേടി. ഇതോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയും ബ്രസീലിന് സ്വന്തമായി.
തത്സമയ വിവരണങ്ങൾ താഴെ വായിക്കാം (പുതിയ അപ്ഡേറ്റുകൾക്ക് പേജ് റിഫ്രഷ് ചെയ്യുക)
Content Highlights: copa america final brazil vs peru LIVE BLOG