ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു.

കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരേ സമനില വഴങ്ങിയതിന്റെ നിരാശ തീര്‍ക്കുന്നതായി മഞ്ഞപ്പടയുടെ പ്രകടനം. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ബ്രസീല്‍ പെറു പ്രതിരോധത്തെ നിഷ്പ്രഭമാക്കി.

കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ ബ്രസീല്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

12-ാം മിനിറ്റില്‍ കോര്‍ണറിലൂടെ കസെമിറോ ബ്രസീലിനെ മുന്നിലെത്തിച്ചു. ഏഴു മിനിറ്റുകള്‍ക്ക് ശേഷം ഒരു നോ ലുക്ക് ഗോളിലൂടെ ഫിര്‍മിനോ അവരുടെ ലീഡുയര്‍ത്തി. 32-ാം മിനിറ്റില്‍ കുടീഞ്ഞ്യോയുടെ അസിസ്റ്റില്‍ എവര്‍ട്ടന്‍ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി.

പിന്നാലെ രണ്ടാം പകുതിയില്‍ വില്ലിയനും ഡാനി അല്‍വസും മഞ്ഞപ്പടയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എ ജേതാക്കളായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നത്.

Content Highlights: Copa America Brazil beat Peru 5-0