ബെലോ ഹൊറിസോണ്ടെ: കോപ്പ അമേരിക്കയില്‍ മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വായ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് സിയില്‍ ആദ്യ അങ്കത്തില്‍ അവര്‍ ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആറാം മിനിറ്റില്‍ തന്നെ യുറുഗ്വായ് ലീഡ് നേടി. നിക്കോളാസ് ലൊഡീറോയുടെ വകയായിരുന്നു ഗോള്‍. 

24-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ജോസ് ക്യുന്റേറോ പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയ ഇക്വഡോറിനെതിരെ എഡിസണ്‍ കവാനി, ലൂയിസ് സുവാരസ് എന്നിവരിലൂടെ ആദ്യ പകുതിയില്‍ തന്നെ യുറുഗ്വായ് മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി. 

33-ാം മിനിറ്റിലാണ് കവാനി തന്റെ കോപ്പയിലെ ആദ്യ ഗോള്‍ കുറിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് സുവാരസ് ലീഡ് മൂന്നാക്കി. മത്സരത്തിന്റെ 78-ാം മിനിറ്റില്‍ പകുതിയില്‍ അര്‍ടുറോ മിനയുടെ സെല്‍ഫ് ഗോള്‍കൂടി പിറന്നതോടെ ഇക്വഡോറിന്റെ പരാജയം സമ്പൂര്‍ണമായി.  

ഗ്രൂപ്പ് സിയില്‍ രണ്ട് വട്ടം ചാമ്പ്യന്മാരായ ചിലി, ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ യുറുഗ്വായ്. ജപ്പനുമായാണ് അവരുടെ അടുത്ത മത്സരം.

Content Highlights: Copa America 2019, Uruguay vs Ecuador