സൂപ്പര്‍താരങ്ങള്‍ നിറഞ്ഞതായിരുന്നു എക്കാലത്തും ബ്രസീല്‍ ഫുട്ബോള്‍ ടീം. തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം വമ്പന്‍താരങ്ങളെ ഒത്തിണക്കത്തോടെ അണിനിരത്തുകയെന്നതും പരിശീലകന്റെ വലിയ ദൗത്യമായിരുന്നു. അതില്‍ വിജയിച്ചവര്‍ക്ക് കളത്തില്‍ ഏറെ വെട്ടിപ്പിടിക്കാന്‍ കഴിഞ്ഞു.

വര്‍ത്തമാനകാല ബ്രസീല്‍ ഫുട്ബോളിലെ കഥയില്‍ അല്‍പം മാറ്റമുണ്ട്. അവിടെ ഒരേയൊരു രാജാവേയുള്ളൂ. അഡെനോര്‍ ലിയനാര്‍ഡോ ബാഷി എന്ന ടിറ്റെ. വ്യക്തിഗത മികവിനെ ടീം ഗെയിമിലേക്ക് ഒന്നാന്തരമായി ആവാഹിക്കാന്‍ ശേഷിയുള്ള കര്‍ക്കശക്കാരനായ പരിശീലകന്‍. 

ദുംഗയുടെയും മനോ മെനെസസിന്റെയും കാലത്ത് അലകും പിടിയും പോയ ബ്രസീല്‍ ടീമിനെ കളിയഴകും വിജയതൃഷ്ണയും ചേര്‍ത്തുവെച്ച് ടീമാക്കി മാറ്റിയത് പഴയകാല മധ്യനിരതാരമായ ടിറ്റെയാണ്. കോപ്പ തുടങ്ങാനിരിക്കെ നെയ്മറെന്ന സൂപ്പര്‍ താരം വീണുപോയിട്ടും ബ്രസീല്‍ ടീമും ആരാധകരും വിറകൊള്ളാത്തത് ടിറ്റെ വളര്‍ത്തിയെടുത്ത ടീമിലുള്ള വിശ്വാസം കൊണ്ടാണ്.

സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ബ്രസീലിന് നല്‍കിയത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുരന്തമാണ്. കോപ്പ അമേരിക്ക ഫുട്ബോളിന് ആതിഥ്യം വഹിക്കുമ്പോള്‍ കിരീട ജയത്തോടെ ഒരു മറവിയാണ് ബ്രസീലിയന്‍ ജനത ആഗ്രഹിക്കുന്നത്.

സന്തുലിതമാണ് ബ്രസീല്‍ നിര. എല്ലാ പൊസിഷനിലും മികച്ച ഒന്നിലധികം താരങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ തോല്‍വിക്ക് കാരണം കാസെമിറോയെന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ഡര്‍ക്ക് പകരക്കാരനില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ടിറ്റെ ബാക്കിയുള്ള കാലം ടീമിനെ കെട്ടിപ്പടുക്കാന്‍ ഉപയോഗിച്ചതെന്ന് കളിക്കാരെ തിരഞ്ഞെടുത്തതില്‍ അറിയാം.

അടുത്ത കാലത്ത് 4-2-3-1 ശൈലിയിലാണ് ബ്രസീല്‍ കളിക്കുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസെമിറോ ഫെര്‍ണാണ്ടീന്യോ എന്നിവര്‍ക്കൊപ്പം അര്‍തറെയും അലനെയും ടിറ്റെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡിഫന്‍സീവ് മിഡിലും അറ്റാക്കിങ് മിഡിലും താരങ്ങളുടെ സമ്പത്താണ് പരിശീലകനെ സന്തോഷിപ്പിക്കുന്നത്. ഫിലിപ്പ് കുടീന്യോയ്‌ക്കൊപ്പം ലൂക്കാസ് പക്വിറ്റയും അറ്റാക്കിങ് മിഡ്ഫീല്‍ഡിലുണ്ട്. ആവശ്യമെങ്കില്‍ അര്‍തറിനെയും ഉപയോഗിക്കാം.

വിങ്ങര്‍മാരായി റിച്ചാലിസന്‍, ഡേവിഡ് നെരസ്, എവര്‍ട്ടന്‍,വില്യന്‍ എന്നിവരുണ്ട്. 4-3-3 ശൈലിയിലാണെങ്കില്‍ കുടീന്യോയുമുണ്ട്. സാധ്യതാ ഇലവനില്‍ അലിസണ്‍ ഗോള്‍ കീപ്പറാകുമ്പോള്‍ നായകന്‍ ഡാനി ആല്‍വ്സും ഫിലിപ്പ് ലൂയിസും വിങ് ബാക്കുകളാകും. മാര്‍ക്വിനോസും മിറാന്‍ഡയും സെന്‍ട്രല്‍ ഡിഫന്‍സിലുണ്ടാകും. കാസെമിറോ-അര്‍തര്‍ സഖ്യം ഡിഫന്‍സീവ് മിഡ്ഫില്‍ഡിലും കുടീന്യോ-നെരസ്-റിച്ചാലിസന്‍ ത്രയം അറ്റാക്കിങ് മിഡിലും വരും. ഗബ്രിയേല്‍ ജീസസ് ഏക സ്ട്രൈക്കറാകും. 4-3-3 ശൈലിയാണെങ്കില്‍ കുടീന്യോ-ജീസസ്-റിച്ചാലിസന്‍ ത്രയം ആക്രമണത്തിലും കാസെമിറോ-അര്‍തര്‍-പക്വിറ്റ ത്രയം മധ്യനിരയിലുമുണ്ടാകും.

ഗ്രൂപ്പ് എയില്‍ വലിയ എതിരാളികള്‍ ബ്രസീലിനില്ല. ബൊളീവിയ, പെറു, വെനസ്വേല ടീമുകളാണ് എ ഗ്രൂപ്പില്‍ ഒപ്പമുള്ളത്. 2007-ന് ശേഷം കിരീടം ലക്ഷ്യമിടുന്ന ടീമിന്റെ ആദ്യമത്സരം ജൂണ്‍ 15-ന് പുലര്‍ച്ചെ ആറു മണിക്കാണ്.

Content Highlights: copa america 2019 brazil coach tite