സാല്‍വദോറിലെ തിങ്ങിനിറഞ്ഞ ഗാലറിക്ക് മുന്നില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരമാണ് കടുന്നപോയത്. കോപ്പ അമേരിക്കയില്‍ വെനസ്വേലയ്‌ക്കെതിരായ ആ മത്സരം ബ്രസീല്‍ ടീമിനെ എത്രത്തോളം നിര്‍ഭാഗ്യം വിഴുങ്ങിക്കളഞ്ഞിരിക്കുന്നത് എന്നതിന്റെ വ്യക്തമായ രൂപമായികുന്നു. തുടര്‍ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയപ്പോള്‍ വെനസ്വേലയുടെ പ്രതിരോധത്തേക്കാള്‍ മഞ്ഞപ്പടയ്ക്ക് വിലങ്ങുതടിയായത് വാര്‍ ആയിരുന്നു. അവസാനം ഫൈനല്‍ വിസില്‍ ഊതുമ്പോള്‍ മത്സരം ഗോള്‍രഹിത സമനില.

മൂന്നു തവണയാണ് ബ്രസീല്‍ വല ചലിപ്പിച്ചത്. എന്നാല്‍ മൂന്നും നിഷേധിക്കപ്പെട്ടു. ആദ്യം ഫിര്‍മിന്യോയുടെ ഊഴമായിരുന്നു. 39-ാം മിനിറ്റില്‍ അലാവെസ് പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ ഒരു ക്രോസില്‍ ഫിര്‍മിന്യോ ലക്ഷ്യം കണ്ടു. പക്ഷേ അതിനിടയില്‍ വെനസ്വേല താരത്തെ ഫൗള്‍ ചെയ്തിരുന്നു. ഇതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഗബ്രിയേല്‍ ജീസസിനെ കളത്തിലിറക്കി. ഇതിനുള്ള ഫലെ 60-ാം മിനിറ്റില്‍ കണ്ടു. ജീസസ് വല ചലിപ്പിച്ചു. പക്ഷേ അത് ഓഫ്‌സൈഡ് ആയിരുന്നു. ആ പന്ത് വ്യതിചലിച്ച് ഓഫ്‌സൈഡ് ആയിരുന്ന ഫിര്‍മിന്യോയുടെ ദേഹത്ത് തട്ടിയായിരുന്നു ജീസസിന് അടുത്തെത്തിയത്. അത് ഗോളാക്കിയെങ്കിലും ഫിര്‍മിന്യോയുടെ അടുത്ത് പന്ത് എത്തുമ്പോള്‍ ഫിര്‍മിന്യോ ഓഫ്‌സൈഡ് ആയിരുന്നു. വാറില്‍ ഇതു വ്യക്തമായതോടെ ആ ഗോളും നിഷേധിക്കപ്പെട്ടു.

86-ാം മിനിറ്റിലായിരുന്നു അടുത്ത നാടകം. ഇത്തവണ കുട്ടിന്യോ ആയിരുന്നു ഗോള്‍ സ്‌കോറര്‍. റീബൗണ്ട് വന്ന പന്ത് ക്ലോസ് റേഞ്ചിലൂടെ ബാഴ്‌സ താരം ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ റഫറി ആ ജൂലിയോ ബാസ്‌കുനന്‍ ആ ഗോളും ഓഫ് സൈഡ് ആണെന്ന് വിധിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരും ഓഫ്‌സൈഡ് ആയിരുന്നില്ല. 

 

Content Highlights: Controversial VAR Decision Denies Brazil Goals Copa America 2019