തെക്കേ അമേരിക്കയില്‍ ഇനി ഫുട്ബോള്‍ യുദ്ധത്തിന്റെ നാളുകള്‍. ഫുട്ബോള്‍ കോപ്പയിലെ കൊടുങ്കാറ്റുകളെ അതിജീവിച്ച് കപ്പിന്റെ തീരത്തെത്താന്‍ ബ്രസീലും അര്‍ജന്റീനയും യുറഗ്വായും ചിലിയുമൊക്കെ ബൂട്ടുകെട്ടുമ്പോള്‍ ഇനിയുള്ള രാവും പകലും കളിയഴകും ആവേശവും നിറഞ്ഞതാകും.
ശനിയാഴ്ച രാവിലെ ആതിഥേയരായ ബ്രസീല്‍ ബൊളീവിയയുമായി കൊമ്പുകോര്‍ക്കുന്നതോടെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 46-ാം എഡിഷന് കിക്കോഫാകും.
ബ്രസീലിലെ അഞ്ചുനഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി അടക്കം 12 രാജ്യങ്ങള്‍ പോരാടും. തെക്കേ അമേരിക്കന്‍ ടീമുകള്‍ക്ക് പുറമേ പ്രത്യേക ക്ഷണിതാക്കളായി ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറും റണ്ണറപ്പായ ജപ്പാനും. സാവോ പൗലോയില്‍ ഉദ്ഘാടനമത്സരം നടക്കുമ്പോള്‍ റിയോ ഡി ജനെയ്റോ ഫൈനലിന് വേദിയൊരുക്കും.
മൂന്നു ഗ്രൂപ്പുകളായിട്ടാണ് ടീമുകളെ തരംതിരിച്ചത്. ഒരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ടുസ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. ഇതിനുപുറമേ മൂന്നു ഗ്രൂപ്പുകളിലെയും കൂടി മികച്ച രണ്ട് മൂന്നാംസ്ഥാനക്കാര്‍ക്കും അവസാന എട്ടിലേക്ക് യോഗ്യതലഭിക്കും.
15 തവണ ചാമ്പ്യന്മാരായ യുറഗ്വായാണ് കൂടുതല്‍ തവണ കപ്പില്‍ മുത്തമിട്ടത്. അര്‍ജന്റീന 14 വട്ടവും ബ്രസീല്‍ എട്ടുതവണയും ചാമ്പ്യന്മാരായി. 2015-ലും 2016-ലും ചിലിയാണ് കിരീടം നേടിയത്. അര്‍ജന്റീന 1993-ലാണ് അവസാനമായി കപ്പുയര്‍ത്തിയത്. ബ്രസീല്‍ 2007-ലും.
നെയ്മറില്ലാതെ ബ്രസീല്‍
ഖത്തറിനെതിരായ സൗഹൃദമത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ പുറത്തായത് ബ്രസീലിന് തിരിച്ചടിയാണ്. പകരം വിങ്ങര്‍ വില്യനെ ടീമിലുള്‍പ്പെടുത്തി. അര്‍ജന്റീനയ്ക്ക് അത്തരം പ്രശ്നങ്ങളില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ടീമിനെ നയിക്കുന്നത്.
ബ്രസീല്‍ ടീമില്‍ നായകന് ഡാനി ആല്‍വ്സ്, ഫിലിപ്പ് കുടീന്യോ, ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫിര്‍മിനോ, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, മിറാന്‍ഡ, അലിസണ്, കാസെമിറോ, ഫെര്‍ണാണ്ടീന്യോ എന്നീ പ്രമുഖരുണ്ട്. അര്‍തര്‍, റിച്ചാലിസന്, ഡേവിഡ് നെരസ്, ലൂക്കാസ് പാക്വീറ്റ, എവര്ട്ടന് തുടങ്ങിയ പുതുനിരയും പരിശീലകന് ടിറ്റെയുടെ തന്ത്രങ്ങള്‍ക്ക് ശക്തിപകരും.
അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കോലേനി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. മെസ്സിക്കുപുറമേ സെര്‍ജി അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, നിക്കോളസ് ഒട്ടാമെന്‍ഡി എന്നീ പരിചയസമ്പന്നര്‍ ടീമിലുണ്ട്. പൗളോ ഡിബാല, ലൗട്ടാറോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ലിയനാര്‍ഡോ പാരഡെസ് തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്.
അലക്സിസ് സാഞ്ചസ്, അര്‍ട്ടൂറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് തുടങ്ങിയ പഴയ പടക്കുതിരകളിലാണ് ചിലി വിശ്വാസമര്‍പ്പിക്കുന്നത്. യുറഗ്വായ് എഡിന്‍സന്‍ കവാനി - ലൂയി സുവാരസ് മുന്നേറ്റത്തിലാണ് പ്രതീക്ഷവെക്കുന്നത്.
Content Highlights: Brazil hosts COPA America starts friday