ബ്രസീലിയ: പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന ബ്രസീല്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. 

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കോപ്പ അമേരിക്കയുടെ നോക്കൗട്ട് മത്സരങ്ങളില്‍ നിശ്ചിത സമയത്തിനു ശേഷം ഇത്തവണ അധിക സമയം അനുവദിക്കുന്നില്ല.

ബ്രസീല്‍ നാലു കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ പരാഗ്വെയ്ക്ക് മൂന്നെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. ബ്രസീലിനായി ഗബ്രിയേല്‍ ജെസ്യൂസ്, കുടീഞ്ഞ്യോ, മാര്‍ക്വിനോസ്, വില്ലിയന്‍ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് പിഴച്ചു. പരാഗ്വെ നിരയില്‍ ഗുസ്താവോ ഗോമസിനും ഡെര്‍ലിസ് ഗോണ്‍സാലസിനും പിഴച്ചു.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രസീലിന് അനുകൂലമായി ഒരു പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി തന്റെ തീരുമാനം മാറ്റുകയായിരുന്നു.

58-ാം മിനിറ്റില്‍ പരാഗ്വെ താരം ഫാബിയാന്‍ ബാല്‍ബുവെന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പരാഗ്വെ മത്സരം പൂര്‍ത്തിയാക്കിയത്.

Content Highlights: brazil beat paraguay into the copa america semi