റിയോ ഡി ജനെയ്റോ: ബ്രസീല്‍ എന്ന് കേട്ടാന് ആദ്യം മനസിലേയ്ക്ക് എത്തുന്നത് അവരുടെ മഞ്ഞയും നീലയും ചേര്‍ന്ന ജേഴ്സി തന്നെയാണ്. കായിക ലോകത്ത് ബ്രസീലിനെ അടയാളപ്പെടുത്തുകയായിരുന്നു ഈ ജേഴ്സി. എന്നാല്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയര്‍ ഇറങ്ങിയത് അവരുടെ കണ്ടു പരിചയിച്ച ഈ സ്ഥിരം ജേഴ്സി അണിഞ്ഞല്ല. പകരം നീലയും വെള്ളയും നിറത്തിലൂള്ള ജേഴ്സിയണിഞ്ഞാണ് ബ്രസീല്‍ കളികളത്തിലിറങ്ങിയത്.
1950ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ നീലയും വെള്ളയും നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് കളിക്കാനിറങ്ങുന്നത്. മാരക്കാനയില്‍ യുറഗ്വായോട് ഏറ്റ ചരിത്രപരമായ തോല്‍വിക്ക് ശേഷമാണ് ബ്രസീല്‍ നീലയും വെള്ളയും നിറത്തിലൂള്ള ജേഴ്സി ഉപേക്ഷിച്ചത്. അന്ന് ഫൈനലില്‍ യുറഗ്വായോട് ഏറ്റ 2-1ന്റെ തോല്‍വി ബ്രസീലിനെ കുറച്ചൊന്നുമല്ല ഉലച്ചത്. അന്ന് തോറ്റപ്പോള്‍ ധരിച്ച ജേഴ്സിയും അവര്‍ വേണ്ടന്നുവെച്ചു. പകരം ദേശീയ പതാകയിലെ നിറങ്ങളായ നീല, പച്ച, മഞ്ഞ നിറങ്ങള്‍ ചേര്‍ത്ത് പുതിയ ജേഴ്സി രൂപകല്‍പ്പന ചെയ്തു.
എന്നാല്‍ 69 വര്‍ഷങ്ങള്‍ക്ക് ശേഷം നീലയും വെള്ളയും ചേര്‍ന്ന പഴയ ജേഴ്സിയി അണിഞ്ഞ് ബ്രസീല്‍ വീണ്ടും കളത്തിലിറങ്ങി. 1919ലാണ് അവര്‍ ആദ്യമായി കോപ്പയുടെ ആദ്യ രൂപമായ തെക്കേ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഫൈനലില്‍ യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അവര്‍ ചാമ്പ്യന്മാരുമായി.
കിരീടം നേടിയ ആ ടൂര്‍ണമെന്റില്‍ നീലയും വെള്ളയും നിറത്തിലുള്ള ജേഴ്സി അണിഞ്ഞാണ് ബ്രസീല്‍ കളിച്ചത്. ടൂര്‍ണമെന്റ് അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഈ കോപ്പയില്‍ പഴയ നീലയും വെള്ളയും നിറത്തിലുള്ള ജേഴ്സി ബ്രസീല്‍ അണിയുന്നത്.