ജൂലൈ മൂന്ന് ബുധനാഴ്ച്ച രാവിലെ ആറു മണിക്ക് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന നിമിഷമാണ്. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്‌ന സെമി പോരാട്ടത്തിന് ബെലൊ ഹൊറിസോണ്ടയില്‍ കളമൊരുങ്ങിക്കഴിഞ്ഞു. വെല്ലുവിളികളും ട്രോളുകളുമായി ഇനി ഫുട്‌ബോള്‍ ആരാധകര്‍ക്ക് തിരക്കേറിയ നാല് ദിവസങ്ങളാണ് മുന്നിലുള്ളത്. റൊസാരിയോ തെരുവിലെ മുത്തശ്ശിക്കഥയും സെവന്‍ അപ് കുടിച്ച കഥയും പറഞ്ഞ് ആരാധകര്‍ ഇനി പരസ്പരം മത്സരിക്കും. 

നീണ്ട 11 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വരുന്നത്. 2008 ബെയ്ജിങ് ഒളിമ്പിക്‌സിന്റെ സെമിഫൈനലിലായിരുന്നു ഇരുടീമും അവസാനം ഏറ്റുമുട്ടിയത്. അന്ന് ബാഴ്‌സലോണയിലെ സഹതാരങ്ങളായ റൊണാള്‍ഡീന്യോയും ലയണല്‍ മെസ്സിയും എതിരാളികളായി കളിച്ചു. 3-0ത്തിന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. ഫൈനലില്‍ നൈജീരിയയെ 1-0ത്തിന് തോല്‍പ്പിച്ച് സ്വര്‍ണമെഡല്‍ നേടി. 

കോപ്പ അമേരിക്കയില്‍ ഇരുടീമും അവസാനം ഏറ്റുമുട്ടിയത് 2007-ല്‍ വെനസ്വേലയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലിലാണ്. ഡാനി ആല്‍വ്‌സ്, ബാപ്റ്റിസ്റ്റ, റോബര്‍ട്ടൊ അയാള (സെല്‍ഫ് ഗോള്‍) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ അര്‍ജന്റീന 3-0ത്തിന് തോറ്റു. അന്ന് നിരാശയോടെ ഗ്രൗണ്ടില്‍ തല താഴ്ത്തി ഇരിക്കുന്ന മെസ്സിയും പശ്ചാത്തലത്തില്‍ വിജയമാഘോഷിക്കുന്ന ബ്രസീലിന്റേയും ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. 

ആകെ 110 മത്സരങ്ങളിലാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ ഏറ്റുമുട്ടിയത്. ഇതില്‍ 40 തവണ ബ്രസീല്‍ വിജയിച്ചപ്പോള്‍ അര്‍ജന്റീന 38 വിജയം നേടി. 32 മത്സരം സമനിലയായി. ലോകകപ്പില്‍ രണ്ടെണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളിലാണ് ബ്രസീല്‍ വിജയം നേടിയത്.

കോപ്പ അമേരിക്കയില്‍ വിജയം കൂടുതല്‍ അര്‍ജന്റീനക്കാണ്, 14. എട്ടെണ്ണത്തില്‍ മാത്രമേ ബ്രസീലിന് വിജയിക്കാനായുള്ളു. കോണ്‍ഫെഡറേഷന്‍ കപ്പിലെ കണക്ക് ഇങ്ങനെയാണ്. അര്‍ജന്റീന- 1, ബ്രസീല്‍-4. ഒളിമ്പിക്‌സില്‍ അര്‍ജന്റീന രണ്ട് മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ബ്രസീല്‍ ഒന്നില്‍ മാത്രം ജയിച്ചു. അണ്ടര്‍-20 ലോകകപ്പില്‍ ഇങ്ങനെയാണ് കണക്ക്.  ബ്രസീല്‍-5, അര്‍ജന്റീന-6 

Content Highlights: Argentina vs Brazil football rivalry Copa America Football 2007 Lionel Messi