ബ്രസീലിയ: അതിഥികളായി എത്തി ആദ്യ കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരം കളിച്ച ഖത്തര്‍ പരഗ്വായ്‌യോട് സമനില പിടിച്ചു. രണ്ട് വീതം ഗോളുകള്‍ നേടിയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

രണ്ട് ഗോളിന് മുന്നിട്ട് നിന്ന പരഗ്വായെ രണ്ടാം പകുതിയിലാണ് ഖത്തര്‍ സമനിലയില്‍ തളച്ചത്. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഓസ്‌കാര്‍ കാര്‍ഡോസോ പെനാല്‍റ്റിയിലൂടെ പരഗ്വായ്ക്ക് ലീഡ് നല്‍കിയിരുന്നു. ഖത്തര്‍ താരം പെഡ്രോ മിഗുലിന്റെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കിക്കാണ് ഓസ്‌കോര്‍ ഗോളാക്കിയത്. 56-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലെയിലൂടെ പരഗ്വായ് ലീഡ് ഉയര്‍ത്തി. 

എന്നാല്‍ 68-ാം മിനിറ്റില്‍ ഖത്തര്‍ ആദ്യ തിരിച്ചടി നല്‍കി. അല്‍മോസ് അലിയാണ് കോപ്പയില്‍ ഖത്തറിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പത്ത് മിനിറ്റ് തികയുമ്പോഴേക്കും രണ്ടാമത്തെ ഗോളും ഖത്തര്‍ നേടി. ബൗലേം ഖൗഖിയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്.

Content Highlgihts: 2019 Copa America - Paraguay 2-2 Qatar