കസാന്‍: അവസാന നിമിഷ ഗോളില്‍ പോര്‍ച്ചുഗലിന്റെ ചുണ്ടില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചു മെക്‌സിക്കോ. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ രണ്ടാം മത്സരത്തില്‍ 2-2 എന്ന സ്‌കോറിലാണ് കോണ്‍ക്കാക്കാഫിന്റെ പ്രതിനിധിയായ മെക്‌സിക്കോ യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ തളച്ചത്.

 

portugal

ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.

 

4-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ സ്വപ്‌നതുല്ല്യമായ ഒരു പാസില്‍ നിന്ന് റിക്കാര്‍ഡോ ക്വരെസ്മയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. പെപ്പെയുടെ ഒരു ഗോള്‍ റഫറി അനുവദിക്കാതിരുന്നതിനുശേഷമായിരുന്നു ഈ ഗോള്‍.

 

വലതു ബോക്‌സില്‍ നിന്ന് രണ്ട് പ്രതിരോധക്കാരുടെ ഇടയിലൂടെ ചെത്തിക്കൊടുത്ത പന്ത് നെറ്റിലേക്ക് ഒന്ന് തട്ടിയിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ ബാല്യകാല സുഹൃത്ത് ക്വരെസ്മയ്ക്ക്. സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ കുട്ടിക്കാലത്ത് ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ് ക്രിസ്റ്റിയാനോയും ക്വരെസ്മയും.

എന്നാല്‍, പോര്‍ച്ചുഗലിന്റെ ഈ സന്തോഷം ഏറെ നേരം നീണ്ടുനിന്നില്ല. 42-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ മെക്‌സിക്കോ തിരിച്ചടിച്ചു. ഹെഡ്ഡറിലൂടെയായിരുന്നു ബയര്‍ ലെവര്‍ക്യുസന്‍ താരത്തിന്റെ ഗോള്‍. മെക്‌സിക്കോയ്ക്കുവേണ്ടിയുള്ള 48-ാം ഗോള്‍.

ഇരു ടീമുകളും ഗോളിനായി പൊരുതുന്നതിനിടെ 86-ാം മിനിറ്റില്‍ സെഡ്രിക്കാണ് പോര്‍ച്ചുഗലിനുവേണ്ടി വിജയഗോള്‍ വലയിലാക്കിയത്.

പോര്‍ച്ചുഗല്‍ വിജയം ഏതാണ്ട് ഉറപ്പിച്ചുനില്‍ക്കെ തൊണ്ണൂറാം മിനിറ്റില്‍ ഹെക്ടര്‍ മൊരേനൊയാണ് മെക്‌സിക്കോയുടെ സമനില ഗോള്‍ നേടിയത്.