സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിന് പുറമെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടവും ജര്‍മനിക്ക്. ഫൈനലില്‍ കോപ്പ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനിയുടെ യുവനിര തോല്‍പിച്ചത്.

ഇതാദ്യമായാണ് ജർമനി കോൺഫെഡറേഷൻസ് കപ്പിൽ മുത്തമിടുന്നത്. ലോകകപ്പിന് തൊട്ടുപിറകെ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ജർമനി. ഫ്രാൻസാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ടീം.

ചിലി ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ ഗോളടിയന്ത്രം സ്റ്റിന്‍ഡലാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്.

ചിലി ആക്രമിച്ചു കളിക്കുമ്പോള്‍ കളിയുടെ ഗതിക്ക് വിപരീതമായാണ് ഗോള്‍ വീണത്. ഗോളിനോടടുത്തെത്തിയ ചിലിയുടെ ഒരു നീക്കത്തിനുശേഷമുള്ള പ്രത്യാക്രമണത്തില്‍ നിന്നാണ് ജര്‍മനി ഗോള്‍ നേടിയത്. ചിലിയുടെ ഡിഫന്‍ഡര്‍ ഡിയാസാണ് ആ ഗോള്‍ സമ്മാനിച്ചത്. ഡിയാസിന്റെ  മിസ്സില്‍ നിന്ന് വെര്‍ണര്‍ക്ക്  പന്ത് കിട്ടുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. ഒപ്പം സ്റ്റിഡിലും. ഗോളി മുന്നോട്ടു കയറിയപ്പോള്‍ വെര്‍ണര്‍  പന്ത് സ്റ്റിഡലിന് തട്ടിക്കൊടുത്തു. സ്റ്റിഡലിന് മുന്നില്‍ ഒഴിഞ്ഞ ഗോള്‍പോസ്റ്റ്. ഒന്ന് പിറകോട്ട് നോക്കി അയാസരഹിതമായി സ്റ്റിഡല്‍  പന്ത് വലയിലെത്തിച്ചു. ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ സമ്പാദ്യം മൂന്നാക്കി.

germany goal

ആക്രമണത്തില്‍ ചിലി തന്നെയായിരുന്നു മുന്നില്‍. എണ്ണമറ്റ അവസരങ്ങളാണ് അവര്‍ സൃഷ്ടിച്ചതും അതുപോലെ തന്നെ പാഴാക്കിയതും. ഒരു ഗോള്‍ ലീഡ് നേടിയതോടെ ജര്‍മനി അവരുടെ പ്രതിരോധക്കോട്ട ഭദ്രമാക്കി. അഞ്ചു പേരാണ് പിന്‍നിര കാക്കാനുണ്ടായിരുന്നത്. ഇതിനെ ഭേദിക്കാന്‍ ചിലിക്ക് കഴിഞ്ഞില്ല. അവരുടെ നീക്കങ്ങള്‍ പലതും ബോക്‌സില്‍ വീരചരമം പ്രാപിച്ചു. ഈ ഗോളുകൾ മുടക്കിയതിന്റെ ബഹുമതി ജർമൻ ഗോളി സ്റ്റെഗനാണ്. മാൻ ഓഫ് ദി മാച്ചും സ്റ്റെഗൻ തന്നെ.

 ആക്രമണത്തില്‍ ഈ മികവ് അവകാശപ്പെടാന്‍ ജര്‍മനിക്ക് കഴിഞ്ഞില്ല. അവരുടെ മുന്നേറ്റത്തില്‍ ഒത്തിണക്കമുണ്ടായിരുന്നില്ല. ക്രോസുകളും പാസുകളും എതിര്‍ ഗോള്‍ ഏരിയയില്‍ വേണ്ടവണ്ണം കണക്റ്റ് ചെയ്യാനായില്ല.

ജർമനി പ്രതിരോധക്കാരുടെയും ചിലി ആക്രമണനിരയുടെയും എണ്ണം കൂട്ടിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. അവസാന വിസിലിന് തൊട്ടു മുൻപ്  പോലും ഒരു അവസരം കിട്ടി ചിലിക്ക്. സാഞ്ചസിന്റെ ഫ്രീകിക്ക് കഷ്ടിച്ചാണ് ഗോളി രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയിൽ കൈയ്യൂക്കിന്റെ കളിയാണ് കണ്ടത്. റഫറിക്ക് മഞ്ഞക്കാർഡ് എടുക്കാനേ നേരമുണ്ടായുള്ളൂ. ഏഴ് തവണയാണ റഫറിക്ക് കാർഡ് കാണിക്കേണ്ടിവന്നത്.