ലണ്ടന്‍: നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്‍ ബൗളറാണ് ആര്‍.അശ്വിന്‍. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടന്ന ടെസ്റ്റ് പരമ്പരകളിലെല്ലാം അശ്വിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. എന്നിട്ടും ചാമ്പ്യന്‍സ് ട്രോഫിയില്‍ അശ്വിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പാകിസ്താനെതിരായ മത്സരത്തില്‍ അശ്വിന്‍ ടീമിലുമുണ്ടായിരുന്നില്ല. ഇത്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും അശ്വിന്‍ എന്തുകൊണ്ട് ഇത്രയും പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല എന്നും ആരാധകര്‍ ശങ്കിച്ചു.

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തി. അശ്വിനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ടീം സെലക്ഷന്റെ കാര്യത്തിലല്ലെന്നും കോലി വ്യക്തമാക്കി. പലപ്പോഴും ബൗളിങ് പ്ലാനിലാണ് അഭിപ്രായ ഭിന്നതയുണ്ടായിട്ടുള്ളത്. പക്ഷേ അങ്ങനെ സംഭവിച്ചത് അശ്വിന്‍ ഒരു മികച്ച ബൗളറായതു കൊണ്ടാണ്. ബൗളിങ്ങില്‍ അശ്വിന് തന്റേതായ ചില രീതികളുണ്ട്. ഇന്ത്യയുടെ മത്സരങ്ങളില്‍ അത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോലി വ്യക്തമാക്കി.

അശ്വിനെ ഒഴിവാക്കി ഒരു ടീമിനെ പ്രഖ്യാപിക്കുക എന്നത് പ്രയാസകരാമായിരുന്നുവെന്നും ഒരു ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ആവശ്യപ്പെടുന്നതെന്തോ അതിനനസുരിച്ച് എന്തും ചെയ്യാന്‍ തയ്യാറാണെന്ന് അശ്വിന്‍ പറഞ്ഞിരുന്നതായും കോലി വ്യക്തമാക്കി. '' അശ്വിന്‍ ഒരു ക്ലാസ് ബൗളറാണ്, എല്ലാവര്‍ക്കും അത് അറിയാം. അവന്‍ വളരെ പ്രൊഫഷണലുമാണ്. പാകിസ്താനെതിരായ മത്സരത്തില്‍ പെയ്‌സ് ബൗളര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയതിനാലാണ് അശ്വിനെ ഒഴിവാക്കിയത്. അത് നല്ല രീതിയില്‍ തന്നെയാണ് അശ്വിനെടുത്തത്. ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ എനിക്ക് പിന്തുണ നല്‍കുന്നവനാണ് അവന്‍. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം'' കോലി ചൂണ്ടിക്കാട്ടി.

തന്നേക്കാള്‍ ടീമിന് മുന്‍ഗണന നല്‍കുന്നവാണ് അശ്വിന്‍. അവസാന ഇലവനില്‍ ആരെ തെരഞ്ഞെടുത്താലും കുഴപ്പമില്ലെന്ന് തന്നെ ആദ്യം അറിയിച്ചത് അശ്വിനാണെന്നും കോലി പറയുന്നു.