ലണ്ടന്‍: ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ തികച്ച് ഹാഷിം ആംല റെക്കോഡിട്ടപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക്  96 റണ്‍സിന്റെ ആധികാരിക ജയം.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 299 റണ്‍സടിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 41.3 ഓവറില്‍ 203 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

പുറത്തായി 115 പന്തില്‍ 103 റണ്‍സടിച്ച ഓപ്പണര്‍ ഹാഷിം ആംലയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന് കരുത്തേകിയത്. ഏകദിനത്തില്‍ 151-ാം ഇന്നിങ്സിനിറങ്ങിയ ആംലയുടെ 25-ാം സെഞ്ചുറിയാണിത്. 

ഇതോടെ ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറി തികയ്ക്കുന്ന താരമായി ആംല. 162 ഇന്നിങ്സില്‍ ഈ നാഴികക്കല്ല് മറികടന്ന വിരാട് കോലിയുടെ റെക്കോഡാണ് തിരുത്തിയത്. ആംല അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും നേടി. ഫാഫ് ഡുപ്ലെസിയും (70 പന്തില്‍ 75) തിളങ്ങി.

ടോസ് നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.  ആംലയ്ക്ക് കൂട്ടായിരുന്ന ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (23) മടങ്ങിയതോടെ ആംലയും ഡുപ്ലെസിയും ഒന്നിച്ചു. രണ്ടാം വിക്കറ്റില്‍ 129 പന്തില്‍ 145 റണ്‍സടിച്ച ആംല-ഡുപ്ലെസി സഖ്യം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് ബലമേകി.

ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് (4) തിളങ്ങിയില്ല. ഓവറില്‍ അഞ്ചുറണ്‍സ് എന്നനിലയില്‍ മുന്നേറിയ ദക്ഷിണാഫ്രിക്കയെ അവസാന ഓവറുകളില്‍ ഡുമിനി (20 പന്തില്‍ 38*), ക്രിസ് മോറിസ് (19 പന്തില്‍ 20) എന്നിവര്‍ ചേര്‍ന്ന് പോരുതാവുന്ന ടോട്ടലിലെത്തിച്ചു.

ശ്രീലങ്കന്‍ നിരയില്‍ ഓപ്പണര്‍മാരായ നിരോശന്‍ ഡിക് വെല്ല(33 പന്തില്‍ 41), ഉപുല്‍ തരംഗ (69 പന്തില്‍ 57) ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭവന നല്‍കാന്‍ സാധിച്ചില്ല. 

തകര്‍ച്ച നേരിട്ട ശ്രീലങ്കയെ കരകയറ്റാന്‍ മധ്യനിരയിലിറങ്ങിയ കുസാല്‍ പെരേര (പുറത്താകാതെ 66 പന്തില്‍ 44) ശ്രമം നടത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. 

ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി 8.3 ഓവര്‍ എറിഞ്ഞ് 27 റണ്‍സ്  മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി ഇമ്രാന്‍ താഹിര്‍ മികച്ച പ്രകടനം പുറത്തെടുത്തു.