ന്യൂഡല്‍ഹി: ഒത്തുകളി ആരോപണം നേരിട്ട പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും. പാകിസ്താന്‍ ഫൈനലിലെത്തിയത് ഒത്തുകളിച്ചിട്ടാണെന്നും ബാഹ്യശക്തികളുടെ സഹായത്തോടെയാണ് ഫൈനലിലെത്തിയതെന്നും മുന്‍ പാക് ക്യാപ്റ്റന്‍ ആമിര്‍ സൊഹൈല്‍ ഒരു പാക് ചാനലായ 'സമ'യില്‍ നടന്ന ചര്‍ച്ചക്കിടെ ആരോപിച്ചിരുന്നു. 

ആമിര്‍ സൊഹൈലിന്റെ ആരോപണം വിഡ്ഢിത്തവും അടിസ്ഥാനരഹിതമാണെന്നും ഗാംഗുലി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കളിച്ച് ഫൈനലിലെത്തിയ പാക് ടീമിനെയും ക്യാപ്റ്റന്‍ സര്‍ഫറാസിനെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ഗാംഗുലി ചൂണ്ടിക്കാട്ടി.

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് പാക് ടീം ഫൈനല്‍ വരെയത്തിയത്. പിന്തുണക്കാന്‍ ആരുമില്ല, ക്രിക്കറ്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ല, ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും നടക്കുന്നില്ല, നാട്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല, എന്നിട്ടും അവര്‍ ആരെയാണ് തോല്‍പ്പിച്ചതെന്ന് നോക്കൂ. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇംഗ്ലണ്ടും അവര്‍ക്ക് മുന്നില്‍ വഴിമാറി. ഗാംഗുലി പാക് ടീമിനെ പ്രശംസിച്ചു.

സംസ്‌കാരമില്ലാത്തതിനാലാണ് സൊഹൈല്‍ ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്നും പാക് ടീം ഒത്തുകളിക്കുന്നുവെന്നത് ആദ്യമായല്ല താന്‍ കേള്‍ക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

സൊഹൈലിന്റെ പ്രസ്താവനയോട് യോജിക്കാനാകില്ലെന്നും സ്വന്തം രാജ്യത്തെ പോലും പിന്തുണക്കാത്തവരെ ആരും ബബഹുമാനത്തോടെ കാണില്ലെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.