ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും മറക്കാനാകാത്ത മുഹൂര്‍ത്തമാണ് ലോര്‍ഡ്‌സില്‍ ജഴ്‌സിയൂരിയുള്ള സൗരവ് ഗാംഗുലിയുടെ വിജയാഘോഷം. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആ വിജയം കോടിക്കണക്കിന് ആരാധകരെ ആവേശത്തിലാഴ്ത്തി. ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിനോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഗാംഗുലിക്ക് അത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ആ ജഴ്‌സിയൂരല്‍ വീണ്ടും ഒരു ക്രിക്കറ്റ് വേദിയില്‍ ചര്‍ച്ചയായി. മറ്റെവിടെയും അല്ല, ചാമ്പ്യന്‍സ് ട്രോഫി നടക്കുന്ന ഓവലിലെ സ്‌റ്റേഡിയത്തില്‍. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയില്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടനാണ് അക്കാര്യം ഗാംഗുലിയെ ഓര്‍മിപ്പിച്ചത്.

മത്സരത്തിലെ കമേന്റേറ്റര്‍മാരായിരുന്നു ഗാംഗുലിയും അതേര്‍ട്ടണും. മത്സരത്തിനിടെ ഗ്രൗണ്ടിന് സമീപം ഫ്‌ളിന്റോഫിനെ കണ്ടപ്പോള്‍ അതേര്‍ട്ടന്‍ ഗാംഗുലിയോട് പറഞ്ഞു'' ഫ്‌ളിന്റോഫ് ഗ്രൗണ്ടിലുണ്ട്. പക്ഷേ നിങ്ങള്‍ ഷര്‍ട്ടൂരി ആഘോഷപ്രകടനം നടത്തരുത്. പണ്ട് ഫ്‌ളിന്റോഫ് ജഴ്‌സിയൂരി വീശുകയും താങ്കളെ അത് ചെയ്യാന്‍ പ്രകോപിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റിന്റൈ തറവാട്ടു മുറ്റത്ത് നടന്ന ഏറ്റവും മോശമായ കാഴ്ച്ചകളിലൊന്നായിരുന്നു അത്'' 

എന്നാല്‍ ഗാംഗുലി ഇതിനെ അത്ര ഗൗരവത്തിലെടുത്തില്ല. നിങ്ങള്‍ അങ്ങനെ കരുതുന്നുണ്ടോ എന്നായിരുന്നു ഗാംഗുലിയുടെ മറുപടിച്ചോദ്യം.

2002ല്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡയിത്തില്‍ പതിനായിരക്കണക്കിന് ആരാധകരുടെ മുന്നില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ ജഴ്‌സിയൂരിയാണ് ഫ്‌ളിന്റോഫ് അതിനെ വരവേറ്റത്. ആ നൈരാശ്യത്തിന് അതേ വര്‍ഷം തന്നെ ഗാംഗുലി മറുപടി നല്‍കി. അതും ഇംഗ്ലണ്ടുകാരെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചു തന്നെ.