virender sehwagലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി കളത്തിന് പുറത്തെ പോരും മുറുകുന്നു. ഇരുരാജ്യത്തെയും മുന്‍താരങ്ങള്‍ തമ്മിലാണ് ഏറ്റവും കൂടുതല്‍ വാഗ്വദങ്ങള്‍ നടക്കുന്നത്. 

വീരേന്ദര്‍ സെവാഗും ഷുഐബ് അക്തറും തമ്മിലാണ് ഇപ്പോള്‍ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദി ടിവി ചാനലായ എ.ബി.പി ന്യൂസിലെ പരിപാടിക്കിടെയായിരുന്നു ഇരുവരും വാഗ്വദത്തില്‍ ഏര്‍പ്പെട്ടത്. 

പാക്‌സിതാന്‍ ആരാധകര്‍ ടെലിവിഷന് പകരം റേഡിയോ സെറ്റ് വാങ്ങി വെക്കുന്നതാണ് നല്ലതെന്നും ഞായറാഴ്ച്ച ഇന്ത്യക്കെതിരെ പരാജയപ്പെടുമ്പോള്‍ ടി.വിക്ക് പകരം അത് എറിഞ്ഞുടക്കാമെന്നുമായിരുന്നു സെവാഗിന്റെ പരിഹാസം. ടി.വി തകര്‍ത്താല്‍ കൂടുതല്‍ പണം നഷ്ടപ്പെടുമെന്നും സെവാഗ് പറഞ്ഞു.

ഇത് കേട്ട ഷുഐബ് അക്തര്‍ ഒട്ടും സമയം കളയാതെ മറുപടി നല്‍കി. പാകിസ്താനില്‍ ആവശ്യത്തിന് ഉപയോഗശൂന്യമായ ചൈനീസ് ടി.വി സെറ്റുകളുണ്ടെന്നും അത് എറിഞ്ഞുടച്ചോളമെന്നുമായിരുന്നു ഷുഐബ് അക്തറിന്റെ മറുപടി.

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്ത പാകിസ്താന്റെ ദൈന്യതയെക്കുറിച്ച് പറഞ്ഞ് സെവാഗ് പരിപാടിക്കിടയില്‍ അക്തറിനെ കളിയാക്കുകയും ചെയ്തു. ഇപ്പോഴത്തെ ഫോമില്‍ വിരാട് കോലിയുടെ ടീം സര്‍ഫറാസ് അഹമ്മദിനെയും സംഘത്തെയും എളുപ്പത്തില്‍ കീഴടക്കുമെന്നും സെവാഗ് വ്യക്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്താന് മികച്ച റെക്കോര്‍ഡാണുള്ളതെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. രണ്ടു മത്സരത്തില്‍ പാക് ടീം വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. 

''കോലി കളിക്കുന്നതു പോലെയോ അതല്ലെങ്കില്‍ കോലി കളിക്കുന്നതിന്റെ പകുതിയോ പാകിസ്താന്‍ കളിക്കണം. 50 ഓവര്‍ മുഴുവനായും നാലോ അഞ്ചോ എക്കണോമി റെയ്റ്റില്‍ കളിച്ചാല്‍ പാക് ടീമിന് കാര്യങ്ങള്‍ എളുപ്പമാകും'' അക്തര്‍ വ്യക്തമാക്കി.

പാകിസ്താനും ഇന്ത്യയും തമ്മില്‍ ഓരോ വര്‍ഷവും രണ്ടു പരമ്പരയെങ്കിലും കളിക്കണമെന്ന അക്തറിന്റെ പരാമര്‍ശത്തെയും സെവാഗ് പരിഹസിച്ചു. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐ ആണെന്നും ഇന്ത്യയോട് കളിക്കേണ്ടത് പാകിസ്താന്റെ ആവശ്യമാണെന്നും സെവാഗ് മറുപടി നല്‍കി. ഇന്ത്യയുമായി ഒരു പരമ്പര കളിക്കുമ്പോള്‍ ലഭിക്കുന്ന പണം പാക് ക്രിക്കറ്റ് ബോര്‍ഡിന് അവരുടെ കളിക്കാരെ നന്നായി പരിപാലിക്കാന്‍ കഴിയുമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.