ഓവല്‍: പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനായി ഓവലിലെ കളത്തിലറങ്ങും മുമ്പ് നിരവധി ആശംസാ സന്ദേശങ്ങളാണ് ഇന്ത്യയെ തേടിയെത്തിയത്. മുന്‍ താരങ്ങളും കായികതാരങ്ങളും സിനിമാ താരങ്ങളും ടീം ഇന്ത്യക്ക് ആശംസയര്‍പ്പിച്ചു. 

എന്നാല്‍ അതിനേക്കാളുമുപരി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഹെല്‍മെറ്റാണ് ഇന്ത്യന്‍ ടീമിന് പ്രചോദനം നല്‍കിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടീമിനൊപ്പമില്ലെങ്കിലും ഹെല്‍മെറ്റ് കൂടെയുണ്ട്. 

ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ തൂക്കിയിട്ടിരിക്കുന്ന ഹെല്‍മെറ്റിന് പിറകില്‍ സച്ചിന്റെ ഓട്ടോഗ്രാഫുണ്ട്. ഇന്ത്യക്ക് വേണ്ടി 1996 മുതല്‍ 2000 വരെ 25 ടെസ്റ്റിലും 73 ഏകദിനങ്ങളിലും സച്ചിന്‍ ഉപയോഗിച്ചിരുന്ന ഹെല്‍മെറ്റാണ് അതെന്നും ആ ഓട്ടോഗ്രാഫില്‍ സൂചിപ്പിക്കുന്നുണ്ട്. ഹെല്‍മെറ്റിന്റെ ചിത്രം ബി.സി.സി.സി.ഐയാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കണ്ടതെന്താണെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ബി.സി.സി.ഐ ചിത്രം പങ്കുവെച്ചത്.